റെജി ഇളമത – MTNS
എറണാകുളത്തെ വിശ്വാസികളിൽ ചിലർ ചില പിതാക്കന്മാരെ കാണാൻ പോയപ്പോൾ പിതാക്കന്മാർ പറഞ്ഞത്രേ! ഏകീകൃത കുർബാന ഏകദേശം 250 പള്ളികളിൽ അർപ്പിക്കുന്നു എന്നറിഞ്ഞല്ലോ എന്ന്. അപ്പോൾ അൽമായർ പറഞ്ഞു 250 ഒരിക്കലും ഇല്ല, കഷ്ടിച്ച് 100 പള്ളികളിൽ അർപ്പിച്ചെങ്കിലായി. ഈ കുർബാന അർപ്പിക്കാൻ വിശ്വാസികൾ കുറവാണല്ലോ എന്നായി പിതാക്കന്മാർ. അതിന് മറുപടി എന്നോണം അവർ പറഞ്ഞത് അസമയത്തു കുർബാന വച്ചാൽ… അതും schedule കുർബാനകൾ കഴിഞ്ഞ് 11.30 am നും, ഉച്ചകഴിഞ്ഞ് 12.30, 1.30,3.00,4.00, വൈകിട്ട് 7.30, 8.00 നൊക്കെ യല്ലേ അച്ചന്മാർ ഏകീകൃത കുർബാന അർപ്പിച്ചത്, ആരെയോ തോൽപ്പിക്കാൻ എന്നപോലെ.
സഭാധികാരികൾ അവരുടെ അധികാരം വേണ്ട സമയത്ത് ഉപയോഗിക്കേണ്ടവരാണ്.അതു ചെയ്യാതിരുന്നത് തന്നെയാണ് ഈ ആപൽസന്ധിക്കു കാരണം. അവർ ആരാധനാക്രമത്തിലോ, അതിന്റെ നടപ്പാക്കലിലോ ഒരിക്കലും സമവായമുണ്ടാക്കാൻ പാടില്ലായിരുന്നു, അതും ഇല്ലാത്ത അധികാരം അനധികൃതമായി ദുരുപയോഗിച്ചുകൊണ്ട്. ഒരു കാര്യം കൂടി പിതാക്കന്മാരുടെ ശ്രദ്ധയിൽ പെടുത്തട്ടെ ; സഭയുടെ ഔദ്യോഗിക ലെറ്റർ പാഡിൽ അധികാരവും അർഹതയുമില്ലാത്തവർ ഒപ്പു വയ്ക്കുന്നതിന്റെ പൊരുൾ ഒന്ന് വ്യക്തമാക്കാമോ?
അങ്ങനെ പോലും ഉണ്ടാക്കിയ സമവായത്തിന്റെ ഉദ്ദേശം എന്തായിരുന്നു? ഏകീകൃത കുർബാനക്ക് വരുന്നവരുടെ തലയെണ്ണലായിരുന്നോ?
അല്ല, എന്ന് ഉറക്കെ പറയാമോ പിതാക്കന്മാരെ.?
ഇനി നിങ്ങൾ പറഞ്ഞ പോലെ ബോധവത്കരണമാണെങ്കിൽ അതാർക്കാണ് ആവശ്യം?
സഭയുടെ കൂടെ നിൽക്കുന്ന അൽമായർക്കോ, അതോ വിമതവൈദികരാൽ തെറ്റിധരിപ്പിക്കപ്പെട്ട അൽമായർക്കോ?
എന്തുകൊണ്ട് ‘ സമവായ പിതാക്കന്മാർ’ ഏകീകൃത രീതിയിലുള്ള കുർബാന Schedule time ൽ ( അതും കുട്ടികളുടെ മതബോധന കുർബാന ) അർപ്പിക്കാൻ ആവശ്യപ്പെട്ടില്ല? ഏകീകൃത കുർബാനയിൽ അതിനെപ്പറ്റി അറിവില്ലാത്ത വിശ്വാസികൾ പങ്കെടുക്കുമ്പോഴല്ലേ അവർക്ക് അതിന്റെ നന്മകൾ മനസ്സിലാവുള്ളൂ?
അപ്പോൾ, ഇതൊക്കെ ‘ആർക്കോ വേണ്ടി ഒക്കാനിച്ച’ രീതിയിൽ ഉണ്ടാക്കിയ ഒരു സമവായം ആണെന്ന് കരുതുകയാണ് നല്ലത്. ഈ കഴിഞ്ഞ 21.07.2024 ഞായറാഴ്ചയോടെ , ഈ സമവായം അമ്പേ പൊളിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്. ചിലയിടങ്ങളിൽ പൊതു യോഗത്തിൽ അഭിപ്രായം ഉയർന്നു എന്നതിന്റെ പേരിൽ അടുത്തയാഴ്ച കുർബാന ചില പുരോഹിതർ വേണ്ട എന്നു വച്ചതും ശ്രദ്ധേയമാണ്. ആരാധനക്രമം പൊതുയോഗം തീരുമാനിക്കുമെന്ന വകുപ്പ്, സിറോ മലബാർ സഭയുടെ പ്രത്യേക നിയമാവലിയിലോ എറണാകുളം രൂപതാ നിയമാവലിയിലോ എവിടെ എങ്കിലുമുണ്ടോ. അല്ല കാനോനിക സമിതിയിൽ ചർച്ച ചെയ്തതിനു ശേഷമേ സിനഡ് തീരുമാനം എടുക്കു എന്നു സമവായമുണ്ടാക്കിയ അധികാരികൾ ഉള്ള സഭയിൽ അതും സംഭവിക്കാമല്ലോ.
അതിന്റെ കാരണവും വ്യക്തമാണ്. July 3 ന് ഏകീകൃത ബലി അർപ്പിക്കാത്ത ഏറെ വൈദികരുണ്ട് എന്നു നമുക്കറിയാം. അതേ സമയം July 3 ന് ബലി അർപ്പിച്ച ശേഷം പലരും, അടുത്ത ഞായറാഴ്ചകളിൽ അത് അർപ്പിച്ചിട്ടില്ല എന്നും ഇപ്പോൾ കേൾക്കുന്നു . ഇനി മറ്റൊരു കൂട്ടർ സിനഡ് തുടങ്ങുന്നതിനു മുൻപ് ഒരു ഞായറാഴ്ച അർപ്പിച്ചെന്ന് വന്നേക്കാം .അതായത് ഇതൊക്കെ ആർക്കോ വേണ്ടി ഏതോ ഒരു worksheet ൽ tick ഇടാൻ വേണ്ടിയുള്ള കേവല പരിപാടികൾ മാത്രമായിരുന്നു എന്നു തന്നെ കരുതണം.
ഇതാണ് അവസ്ഥയെങ്കിൽ ഈ സമവായം കൊണ്ട് ഉദേശിച്ചത് ഒന്നും നടന്നില്ല എന്നു മനസ്സിലായില്ലേ? എന്നു തന്നെയല്ല, ജൂൺ 09 ന്റെ circular പുറത്തിറങ്ങിയ ശേഷം 150 ന് മേൽ വൈദികർ ഏകീകൃത ബലി അർപ്പിക്കാൻ തയ്യാർ ആയിരുന്നു എന്നു നമുക്കറിയാം. മുണ്ടാടനും കൂട്ടരും വിറളി പിടിച്ച് ഓടി നടക്കുന്നത് നമ്മൾ കണ്ടതാണ്. വിമതരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോയി തുടങ്ങിയപ്പോഴാണ്, പഞ്ച ഭൂതങ്ങൾ ആയ മെത്രാന്മാർ മാധ്യമങ്ങളുടെ മുൻപിൽ അവതരിക്കുന്നത് നമ്മൾ കണ്ടത്. അവരുടെ കൂടെ കൂടിയ സഭാതലവനും,അഡ്മിനിസ്ട്രേറ്ററും, മറ്റൊരു മെത്രാപോലീത്തയും സഭാ സിനടിനെയും,പരിശുദ്ധ മാർപാപ്പയെയും, സഭാമക്കളെയും ഇപ്പോൾ വഞ്ചിച്ചപോലെയാണ്.
സിനഡിന്റെ തീരുമാനത്തെ നടപ്പിലാക്കാൻ മാത്രം ഉത്തരവാദിത്തമുള്ള മേജർ അർച്ചു ബിഷപ്പ്, തനിക്കു നിലവിൽ ഇല്ലാത്ത അധികാരം ഉണ്ടെന്നു വെറുതെ ചിന്തിച്ചു അതു ദുരുപയോഗിച്ച് സമവായം ഉണ്ടാക്കാൻ തുനിഞ്ഞതിന്റെ പരിണത ഫലമായി ജൂൺ 09 ലെ circular മൂലം ഉണ്ടായിരുന്ന വലിയ അവസരം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല വിശ്വാസ സമൂഹത്തിന്റെ ആത്മവീര്യവും പ്രത്യാശയും നശിപ്പിക്കുക കൂടിയാണ് ചെയ്തത്. ഒപ്പം പരിശുദ്ധ മാർപ്പാപ്പയുടെ തീവ്രമായ അഭിലാഷത്തെയും, ഉത്ബോധനത്തെയും തുരങ്കം വയ്ക്കുക കൂടെയാണ് ചെയ്തത്. മാത്രമല്ല സമൂഹ മദ്ധ്യത്തിൽ പരിശുദ്ധ സൂനഹദോസിന്റെ പ്രതിശ്ചായക്കു തന്നെ
മങ്ങലേല്പിച്ചു എന്നതാണ് വസ്തുത. കൃത്യമായും സഭയെ അനുസരിച്ചു തങ്ങളുടെ രൂപതകളെ ആത്മീയമായി നയിക്കുന്ന നല്ല പിതാക്കന്മാരെ പോലും അപഹാസ്യരാക്കിയ ഇവരുടെ വികല നടപടികൾ അടുത്ത സിനഡിൽ തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
