Anonymous author
മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും മറ്റു മെത്രാന്മാരും അറിയാൻ
എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2024 ജൂൺ 9ന് ഒരു സർക്കുലറും ജൂൺ 21ന് സിനഡാനന്തര അറിയിപ്പും ജൂലൈ 1ന് ഒരു അറിയിപ്പും നൽകിയിരുന്നല്ലോ. ആദ്യത്തേത് മാർപാപ്പയുടെ നിർദ്ദേശപ്രകാരം റോമിൽ വച്ച് നടന്ന ഉന്നത അധികാര സമിതിയുടെ തീരുമാനമനുസരിച്ചും രണ്ടാമത്തേത് സീറോ മലബാർ സഭാസിനഡിൻ്റെ അഭിപ്രായമനുസരിച്ചും അവസാനത്തേത് മാർ പാംപ്ളാനി മെത്രാന്റെ നേതൃത്വത്തിൽ എറണാകുളത്തെ വിമതരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ചും പുറപ്പെടുവിച്ചതാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ആദ്യത്തെ സർക്കുലർ കൃത്യമായും ശക്തമായും സഭയുടെ നിലപാടുകൾ അവതരിപ്പിച്ചപ്പോൾ സിനഡാന്തര അറിയിപ്പ് ആ തീരുമാനങ്ങളിൽ വെള്ളം ചേർക്കുകയും മൂന്നാമത്തെ അറിയിപ്പ് വിമതർക്ക് അനുകൂലമായി കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു. അതിലൂടെ നടപ്പിലായത് സഭാ തലവന്റെ അനുഗ്രഹത്തിൽ അഡ്മിനിസ്ട്രേറ്ററുടെ ആശീർവാദത്തിൽ മാർ പാംപ്ളാനിയുടെ നേതൃത്വത്തിൽ വിമതർക്കനുകൂലമായി സംവിധാനം ചെയ്യപ്പെട്ട നാടകമാണ് എന്നത് ഈ സഭ ഇന്നു കടന്നു പോകുന്ന ധാർമ്മിക അപചയത്തിൻ്റെ അവസാനത്തെ തെളിവായി നമ്മുടെ മുൻപിൽ നിലകൊള്ളുന്നു. എന്നിട്ട് അതിനെ ഒരു വലിയ വിജയമായി അവതരിപ്പിച്ച് എല്ലാവരെയും വിഢികളാക്കാനും പ്രത്യേകിച്ച് വത്തിക്കാനെ പറ്റിക്കാനും ശ്രമിക്കുന്ന സഭാനേതൃത്വത്തിൻ്റെ അവസരവാദ നിലപാടുകൾ ആടിനെ പട്ടിയാക്കുന്ന, കണ്ണടച്ചിരുട്ടാക്കുന്ന നാണംകെട്ട നിലപാടാണ് എന്നു പറയാതെ വയ്യ!
ഈ രേഖകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എപ്രകാരമാണ് എറണാകുളത്ത് നടപ്പിലായത് എന്ന് പരിശോധിക്കുമ്പോഴാണ് ഇതിൻ്റെ പിറകിലുള്ള വലിയ ചതിയും നാടകങ്ങളും നമുക്ക് വ്യക്തമാകുന്നത്. ഈ രേഖകൾ അനുസരിച്ച് കഴിഞ്ഞ ജൂലൈ 3 മുതൽ അവിടെ ഏകീകൃത കുർബാനയും സർക്കുലറിലും അറിയിപ്പുകളിലും പറഞ്ഞിരിക്കുന്ന അനുബന്ധ കാര്യങ്ങളും നടപ്പിലാകേണ്ടതാണ്. അതു കഴിഞ്ഞ് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. സിനഡിന് ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. മുൻകൂട്ടി കാര്യങ്ങൾ മനസിലാക്കുന്നത് ഇനിയും ഉണ്ടാകാൻ പോകുന്ന ചതികളും നാടകങ്ങളും മനസ്സിലാക്കാൻ ആരെയെങ്കിലും സഹായിക്കട്ടെ എന്നു കരുതിയാണ് ഇത്ര വിശദമായി ഇപ്പോൾ ഇത് എഴുതുന്നത്. താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ നടപ്പിലായത് എന്ന് കൃത്യമായി മനസ്സിലാകും. സഭാ നേതൃത്വത്തിൻ്റെ കള്ളക്കളികൾ പകൽ പോലെ വ്യക്തമാകും.
- ഈ നിർദേശങ്ങൾ പാലിക്കാതെ ജൂലൈ 3 മുതൽ കൃത്യമായി ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത കുർബാനയെങ്കിലും അർപ്പിക്കാത്ത എത്രയോ വൈദികരും ഇടവകളും ഇന്ന് എറണാകുളത്തുണ്ട്. അവർക്കെതിരെ സർക്കുലറിൽ പറഞ്ഞ പ്രകാരമുള്ള എന്തു നടപടികളെടുത്തു അഥവാ ആരംഭിച്ചു?
- കേസുകൾ നിലനിൽക്കുന്നു എന്ന പേരിൽ പല പള്ളികളിലും ഇതുവരെയും ഏകീകൃത കുർബാന ആരംഭിച്ചിട്ടില്ല. സഭയുടെ ഔദ്യോഗിക അറിയിപ്പുകളിൽ ഒന്നും തന്നെ ഇങ്ങനെ ഒരു നിർദേശമില്ല. പിൻവാതിൽ ചർച്ചകളിലെ തീരുമാനമെന്ന് വിമതന്മാർ പറയുമ്പോഴും സഭാ നേതൃത്വം അതു നിഷേധിക്കുകയാണ് ചെയ്തത്. അങ്ങനെയെങ്കിൽ ഈ ഇടവകകളിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ എന്തുകൊണ്ടാണ് സഭ നടപടി എടുക്കാത്തത്? കേസുകളും സഭയുടെ തീരുമാനവുമായി യാതൊരു ബന്ധവുമില്ല എന്നിരിക്കെ വിമതന്മാർക്ക് ഒത്താശ ചെയ്തുകൊടുത്ത് അവരെ പ്രീതിപ്പെടുത്താൻ സഭാനേതൃത്വം ശ്രമിക്കുന്നത് എന്തിന്?
- ഏകീകൃത കുർബാന നടക്കുന്ന മിക്കവാറും പള്ളികളിൽ “സ്പെഷ്യൽ കുർബാന ” യായാണ് അവ അർപ്പിക്കപ്പെടുന്നത്. വിശ്വാസികൾക്ക് പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പലപ്പോഴും അവരെ കൃത്യമായി അറിയിക്കാതെ ഈ കുർബാനകൾ ക്രമീകരിക്കപ്പെടുന്നു . ഏകീകൃതകുർബാന എറണാകുളത്ത് ഒരു പരാജയമാണ് എന്ന് വരുത്തി തീർക്കാനുള്ള കുത്സിതശ്രമമാണ് ഇതിനു പിന്നിലുള്ളത്. നൽകപ്പെട്ട അറിയിപ്പുകളിൽ ഒന്നും ഇങ്ങനെ സ്പെഷ്യൽ കുർബാന എന്ന ഒരു ചിന്തയില്ല. അങ്ങനെയെങ്കിൽ വി. കുർബാനയെ അവഹേളിക്കുന്ന രീതിയിലുള്ള ഈ ക്രമീകരണത്തെ സഭാ നേതൃത്വം എതിർക്കാത്തത് എന്തുകൊണ്ടാണ്? ആഴ്ചയിൽ ഒരു കുർബാന മാത്രം സഭ നിർദ്ദേശിക്കുന്ന രീതിയിൽ അർപ്പിക്കപ്പെടുമ്പോൾ അതെങ്കിലും പ്രധാന കുർബാന യായോ അല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള കുർബാനകളിലൊന്നോ ആയി അർപ്പിക്കണമെന്ന് സഭാനേതൃത്വം നിർബന്ധമായി പറയാത്തത് വിമതന്മാരെ സഹായിക്കാൻ വേണ്ടി മാത്രമല്ലേ?
- ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃതകുർബാനയെങ്കിലും അർപ്പിക്കപ്പെടണം എന്ന നിർദ്ദേശം ജൂലൈ 3ന് ചൊല്ലിത്തുടങ്ങിയ സ്ഥലങ്ങളിൽ പോലും ഇപ്പോൾ കൃത്യമായി പാലിക്കപ്പെടുന്നില്ല. ഏകീകൃത കുർബാന തുടങ്ങിയ പല പള്ളികളിലും പിന്നീടുള്ള ഞായറാഴ്ചകളിൽ അത് കൃത്യമായി നടപ്പിലാക്കപ്പെടുന്നില്ല. അത് പരിശോധിക്കാനോ തിരുത്താനോ ഉള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അധികാരികളുടെഭാഗത്തുനിന്ന് ഉണ്ടാകാത്തപ്പോൾ അവരുടെ ഒത്താശയോടെയാണ് ഇക്കാര്യങ്ങൾ നടത്തപ്പെടുന്നതെന്ന് നമുക്കു വ്യക്തമാകും. വേലി തന്നെ വിളവു തിന്നാൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
സർക്കുലറും അറിയിപ്പുകളും വിലയിരുത്തുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തത ലഭിക്കുന്നതു നന്നായിരിക്കും.
- ജൂൺ 9 ലെ സർക്കുലറിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ അതിനാൽ തന്നെ പുറത്തു പോയതായി കണക്കാക്കപ്പെടുമെന്നും അവർ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കുന്നവരുടെ ഞായറാഴ്ചകടം തിരില്ലെന്നും അവർ ആശീർവദിക്കുന്ന വിവാഹങ്ങൾ അസാധുവായിരിക്കുമെന്നും പറഞ്ഞിരുന്നു. അങ്ങനെയുള്ള എത്രയോ വൈദികർ ഇപ്പോഴും ഈ കാര്യങ്ങൾ ചെയ്യുന്നു. ഇക്കാര്യത്തിൽ എന്തു നടപടികളാണ് സഭാനേതൃത്വം സ്വീകരിക്കുന്നത്?
- അതിരൂപതയ്ക്കു പുറത്തു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വൈദികർ ജൂലൈ 3നു മുമ്പ് ഏകീകൃതകുർബാനഅർപ്പിക്കാമെന്ന സത്യവാങ്മൂലം നൽകണം എന്ന സർക്കുലറിലെ നിർദേശം എത്രമാത്രം നടപ്പിലായി? എത്രപേർ അത് കൃത്യമായി നൽകി? നൽകാത്തവർക്കെതിരെ എന്തു നടപടിയെടുത്തു?
- ഏകീകൃതകുർബാന ഇപ്പോൾ അർപ്പിക്കപ്പെടുന്ന സ്ഥലങ്ങളിൽ യാതൊരു തടസവും പ്രതിസന്ധിയും ഉണ്ടാക്കരുത് എന്നു സിനഡാനന്തര അറിയിപ്പിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇതിനകം എത്രയോ സ്ഥലങ്ങളിൽ അത് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. അതിരൂപതാനേതൃത്വം തന്നെ ഏകീകൃതകുർബാന മാത്രം അർപ്പിക്കപ്പെടുന്ന പള്ളികളിൽ ജനാഭിമുഖ കുർബാന തുടങ്ങാനുള്ള ക്രമീകരണങ്ങൾക്ക് മുൻകൈയെടുക്കുന്നു. ഏകീകൃത കുർബാനയ്ക്ക് അനുകൂലമായ കോടതിവിധി പോലും തിരുത്തുവാൻ സഭാ നേതൃത്വം ഒരു ലജ്ജയുമില്ലാതെ കോടതിയിൽ പോലും പരസ്യമായ നിലപാടുകൾ എടുക്കുന്നു. പറയുന്നത് ഒന്ന്. ചെയ്യുന്നത് മറ്റൊന്ന്. എന്തൊരു വിരോധാഭാസം!
- സമർപ്പിത ഭവനങ്ങളിലും വൈദിക പരിശീലന കേന്ദ്രങ്ങളിലും ഏകീകൃതകുർബാന മാത്രം അർപ്പിക്കണം എന്ന സിനഡാനന്തര അറിയിപ്പിലെ നിർദ്ദേശം എപ്രകാരം നടപ്പിലാക്കി? അവിടങ്ങളിൽ ജനാഭിമുഖ കുർബാന അർപ്പിക്കപ്പെടുന്നുണ്ടോ എന്ന് ആരാണ് പരിശോധിക്കുന്നത്? അതിരൂപതാ നേതൃത്വം തന്നെ വിമതരുടെ കൂടെ നിൽക്കുമ്പോൾ കള്ളനെ കാവൽ ഏൽപ്പിക്കുന്നതു പോലുള്ള ഈ പരിപാടി കൊണ്ട് എങ്ങനെ ഇത് നടപ്പിലാക്കാൻ പറ്റും?
- എറണാകുളം – അങ്കമാലി അതിരൂപതയിലെ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന എല്ലാ ദൈവാലയങ്ങളിലും ബേമ്മാ നിർബന്ധമായും സ്ഥാപിക്കണമെന്ന് സിനഡാനന്തര അറിയിപ്പിൽ നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായും നടപ്പിലായോ എന്ന കാര്യത്തിൽ സഭാ നേതൃത്വത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ബേമ്മ ഇല്ലാത്ത സ്ഥലങ്ങളിൽ അതു സ്ഥിരമായി സ്ഥാപിക്കാൻ അവരെന്തു ചെയ്യുന്നു ?
- മെത്രാന്മാരും വൈദികരും അജപാലനാവശ്യങ്ങൾക്കായി ഇടവകകളിൽ എത്തുമ്പോൾ ഏകീകൃതകുർബാന അർപ്പിക്കാനുള്ള സൗകര്യം ഒരുക്കണം എന്നു സിനഡാനന്തര അറിയിപ്പിൽ പറഞ്ഞിരുന്നു. ഇത് എവിടെയെങ്കിലും നടപ്പായതായി അറിയാമോ? പ്രശസ്ത ധ്യാനഗുരുവായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ കഴിഞ്ഞ ദിവസം തന്റെ ജൂബിലി ആഘോഷം ജനാഭിമുഖ കുർബാന അർപ്പിച്ച് ആഘോഷിച്ച നിർഭാഗ്യകരവും അപലപനീയവുമായ സംഭവം ഇതിനോടു ചേർത്തു വായിക്കുക.
കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞത് ഏകീകൃതകുർബാന നടപ്പിലാക്കാനുള്ള തീരുമാനവും അതിനുള്ള പരിശ്രമവും സഭാ നേതൃത്വം നടത്തിയത് ഒട്ടും ആത്മാർത്ഥതയോടെ ആയിരുന്നില്ല എന്നു വ്യക്തമാക്കാനാണ്. മറ്റുള്ളവരുടെ കണ്ണിൽ വെറുതേ പൊടിയിടാനുള്ള ചെപ്പടിവിദ്യകളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. മനസു കൊണ്ട് അവർ എന്നും വിമതർക്കൊപ്പമായിരുന്നു. അനീതിക്കും അസത്യത്തിനും അനുസരണക്കേടിനും കൂട്ടുനിൽക്കുന്ന സഭാ തലവനെയും എറണാകുളം അഡ്മിനിസ്ട്രേറ്ററെയും മാർ പാംപ്ളാനിയുടെ നേതൃത്വത്തിലുള്ള എറണാകുളം മെത്രാൻ ലോബിയെയും എതിർക്കാനുള്ള ആർജ്ജവത്വം സഭയോടു സ്നേഹവും സത്യത്തോടു പ്രതിബദ്ധതയുള്ള മറ്റു മെത്രാന്മാർ കാണിച്ചില്ലെങ്കിൽ പ്രശ്നങ്ങളുടെ നടുക്കടലിലേക്ക് ആയിരിക്കും നിങ്ങൾ ഈ സഭയെ നയിക്കുന്നത് എന്ന് മറക്കാതിരിക്കുക . സഭാഗാത്രത്തിന് ഇത്ര വലിയ മുറിവേൽപ്പിക്കപ്പെടാനും പൊതുസമൂഹത്തിനു മുന്നിൽ ഈ സഭ പരിഹാസപാത്രമാകാനും കാരണക്കാരായ നിങ്ങളുടെ അവസ്ഥ വിധി ദിവസം വളരെ ദയനീയമായിരിക്കും എന്നോർക്കുക.
NB : ഏകീകൃതകുർബാന എറണാകുളത്ത് പൂർണ്ണമായും നടപ്പിലാക്കുന്നതിനു മുമ്പ് കാനോനിക സമിതികളുമായി ചർച്ച നടത്തും എന്ന നിർദ്ദേശം വീണ്ടും ഒരു ചതിയുടെ സൂചന നൽകുന്നു. അടുത്ത സിനഡിൽ അന്തിമതീയതി നിശ്ചയിക്കണമെന്നുള്ള സിനഡിൻ്റെ തീരുമാനം അട്ടിമറിക്കാനുള്ള ഒരു വഴി! അതിനാൽ കാനോനിക സമിതികൾ രൂപീകരിക്കാൻ സാധിച്ചില്ല, അവരോടു ചർച്ച ചെയ്തില്ല, തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് അന്തിമ തീയതി നിശ്ചയിക്കുന്നത് മാറ്റിവയ്പ്പിക്കാതിരിക്കാൻ മറ്റു മെത്രാന്മാർ ജാഗ്രത പാലിക്കുക. സിനഡിന് ഇനിയും ഒരു മാസം കൂടെയുണ്ട്. വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ സമയമുണ്ടെന്ന് സഭാ നേതൃത്വത്തെ ഓർമ്മപ്പെടുത്തുന്നു
