മെത്രാൻമാരുടെ ‘വഞ്ചന’കൾ! അല്ലാ ആടുകളെ കടിച്ചു കീറുന്ന രതദാഹികളായ ചെന്നായ്‌ക്കളുടെ കൊലച്ചതികൾ

ആമുഖം

വി.കുർബാനയുടെ ഏകീകരണവുമായി ബന്ധപ്പെട്ട നടന്ന കാര്യങ്ങളെല്ലാം പരിശോധിച്ചാൽ നമുക്ക് ഒരു കാര്യം വ്യക്തമാകും. എറണാകുളത്തെ വിമത വൈദികരോ അല്മായ നേതാക്കളോ ഒന്നുമല്ല ഈ സഭയുടെ പ്രതിസന്ധിക്ക് ഉത്തരവാദികൾ; സ്വന്തം വാക്കിനോടു വിശ്വസ്തതയും തീരുമാനത്തോട് ആത്മാർത്ഥതയും സഭയോടു സ്നേഹവുമില്ലാത്ത ചില മെത്രാന്മാരാണ് ഈ പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദികൾ. അന്യമതസ്ഥനായ ഒരു ന്യായാധിപൻ പറഞ്ഞതുപോലെ “ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന” വിചിത്ര സ്വഭാവമാണ് നമ്മുടെ ചില മെത്രാന്മാർ പ്രകടിപ്പിക്കുന്നത്. കുർബാന ഏകീകരണം സാധ്യമാകും എന്ന ചിന്ത ശക്തമായി ഉണ്ടായ 6 സന്ദർഭങ്ങളിലും ഈ സഭയിലെ മെത്രാന്മാർ തന്നെയാണ് അത് അട്ടിമറിച്ചത് എന്നതു ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. ചരിത്രസംഭവങ്ങളുടെ ഒരു സൂക്ഷ്മപരിശോധന ഇക്കാര്യം നമുക്കു വ്യക്തമാക്കിത്തരും.

1. 2000 ജൂലൈ 3

സീറോ മലബാർ സഭയിൽ ഏകീകൃത രീതിയിൽ വി.കുർബാന അർപ്പിക്കാൻ ആദ്യമായി തീരുമാനിച്ചത് 1999 നവംബറിൽ നടത്തിയ സിനഡിലാണ്. 2000 ജൂലൈ 3 ന് ഇതു നടപ്പിൽ വരുത്തിയപ്പോൾ എറണാകുളം ഉൾപ്പെടെയുള്ള ചില രൂപതകളിലെ മെത്രാന്മാർ ഡിസ്പെൻസേഷൻ നൽകി ഈ തീരുമാനത്തെ അട്ടിമറിച്ചു. ഉടനെതന്നെ ആ രൂപതകളിലും ഏകീകൃതകുർബാന നടപ്പിലാക്കും എന്നുള്ള അവരുടെ വാക്ക് മറ്റുള്ളവർ വിശ്വസിച്ചെങ്കിലും പിന്നീട് അതു ജലരേഖയായി മാറുന്നതാണ് നാം കണ്ടത്. ഈ വിഷയത്തിൽ മെത്രാന്മാരുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ ‘ചതി’.

2. 2021 നവംബർ 28

കുർബാന ഏകീകരണത്തിനായി അടുത്ത നടപടി ഉണ്ടാകുന്നത് ഏകദേശം 20 വർഷങ്ങൾക്കു ശേഷമാണ്. നവീകരിച്ച കുർബാനക്രമം നടപ്പിലാക്കുന്നതിനോടനുബന്ധിച്ചു 2021 നവംബർ 28 ന് ഏകീകൃത ബലിയർപ്പണവും സഭ മുഴുവൻ നടപ്പിൽ വരുത്താൻ തീരുമാനിച്ചു. എന്നാൽ ആൻറണി കരിയിൽ മെത്രാൻ മാർപാപ്പയെ കണ്ടതിനു ശേഷം നവംബർ 26 ന് പുറത്തിറക്കിയ വഞ്ചന നിറഞ്ഞ ഉത്തരവിലൂടെ എറണാകുളം അതിരൂപതയ്ക്കു ഡിസ്പെൻസേഷൻ നൽകി ഈ തീരുമാനം അട്ടിമറിച്ചു.

3. 2022 ഏപ്രിൽ 17

തുടർന്ന് അസാധാരണമായ രീതിയിൽ 2022 മാർച്ച് 25 ന് ഫ്രാൻസിസ് മാർപാപ്പ എറണാകുളം- അങ്കമാലി അതിരൂപതയ്ക്കായി പ്രത്യേക കത്തെഴുതി. 2022ലെ ഈസ്റ്ററിനോടനുബന്ധിച്ച് ഏകീകൃതകുർബാന നടപ്പിലാക്കണം എന്നതായിരുന്നു മാർപ്പാപ്പയുടെ നിർദേശം. എന്നാൽ ഈ തീരുമാനം അവഗണിച്ചുകൊണ്ട് ഏപ്രിൽ 6-ാം തീയതി ആൻറണി കരിയിൽ മെത്രാൻ 2022 ഡിസംബർ 25 വരെ ഡിസ്പെൻസേഷൻ നീട്ടി നൽകി മാർപാപ്പയുടെ നിർദേശം അട്ടിമറിച്ചു.

4. 2023 ഓഗസ്റ്റ് 20

മാർപാപ്പയുടെ പ്രതിനിധിയായി വന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിൽ 2023 ഓഗസ്റ്റ് 17ന് എറണാകുളം അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാൻ അന്ത്യശാസനം നൽകി. ഓഗസ്റ്റ് 20ന് തുടങ്ങണം എന്നായിരുന്നു നിർദ്ദേശം. പതിവിൽ നിന്നു വിരുദ്ധമായി ഈ തീരുമാനം നടപ്പിലാകുമെന്നുറപ്പായപ്പോൾ അത് അട്ടിമറിക്കാൻ സിനഡിലെ മെത്രാന്മാർ തന്നെ നേരിട്ടു രംഗത്തിറങ്ങി. എറണാകുളത്തെ മെത്രാന്മാരുടെ പ്രേരണയിൽ ബോസ്കോ പുത്തൂർ മെത്രാൻ്റേയും ജോസഫ് പാംപ്ളാനി മെത്രാൻ്റെയും നേതൃത്വത്തിൽ 9 അംഗ ഡയലോഗ് കമ്മിറ്റി വച്ച് ഈ അവസരവും തകർത്തുകളഞ്ഞ് അവർ എറണാകുളം വിമതരെ വിജയിപ്പിച്ചു.

5. 2023 ഡിസംബർ 25

2023 ഡിസംബർ 7 ന് ചരിത്രത്തിൽ അസാധാരണമായ രീതിയിൽ ഒരു വീഡിയോ സന്ദേശത്തിലൂടെ മാർപ്പാപ്പ എറണാകുളം അതിരൂപതയ്ക്കു തൻ്റെ സന്ദേശം വീണ്ടും നൽകി. ആ സന്ദേശത്തിൽ അടുത്ത ക്രിസ്തുമസ് തുടങ്ങി ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപാപ്പ നിർദ്ദേശിച്ചു. എന്നാൽ ഈ നിർദ്ദേശവും നടപ്പിലായില്ല. കാരണം അത് നടപ്പിലാക്കേണ്ട, അല്ലാത്തവർക്കെതിരെ നടപടിയെടുക്കേണ്ട അഡ്മിനിസ്ട്രേറ്ററായ ബോസ്കോ പുത്തൂർ മെത്രാൻ തന്നെ വിമതരുടെ കൂടെ നിന്ന് അവരെ സംരക്ഷിച്ചു.

6. 2024 ജൂലൈ 3

2024 മേയിൽ റോമിൽ വച്ചു നടത്തിയ വിശദമായ ചർച്ചകൾക്കു ശേഷം 2024 ജൂൺ 9 ന് ശക്തമായ ഒരു സർക്കുലർ പുറത്തുവന്നു. 2024 ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭക്കു പുറത്താകും എന്നതായിരുന്നു ഇതിലെ പ്രധാന തീരുമാനം. ഉടൻതന്നെ ഈ തീരുമാനത്തെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങൾ മെത്രാന്മാർ ആരംഭിച്ചു. ജൂൺ 13-ാം തീയതി എറണാകുളം അതിരൂപതാംഗങ്ങളായ 5 മെത്രാന്മാർ തങ്ങളുടെ വിയോജനക്കുറിപ്പ് നൽകുകയും 21-ാം തീയതി കുര്യാക്കോസ് ഭരണികുളങ്ങര മെത്രാൻ അതു മാധ്യമങ്ങളോടു പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. അതേത്തുടർന്ന് ജൂൺ 21ന് ഇറക്കിയ സിനഡാനന്തര അറിയിപ്പിൽ ഈ തീരുമാനത്തിൽ വലിയ രീതിയിൽ മാറ്റം വരുത്തി. എന്നിട്ടും സംപ്തൃപ്തരാകാത്ത വിമതരെ തൃപ്തിപ്പെടുത്താൻ ജോസഫ് പാംപ്ളാനി മെത്രാൻ്റെ നേതൃത്വത്തിൽ വിമതരുമായി ചർച്ച നടത്തി മാർപാപ്പയുടെയും സിനഡിൻ്റെയും തീരുമാനങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് എറണാകുളത്തിന് അനുകൂലമായി കാര്യങ്ങൾ തീരുമാനമാക്കി. ഏകീകൃത കുർബാന ഏറ്റവും അവഹേളനപരമായി നടപ്പിലാക്കാൻ ഈ മെത്രാന്മാർ വിമതർക്ക് കൂട്ടുനിന്നു.

ഉപസംഹാരം

ചരിത്രത്തിലെ ഈ സംഭവങ്ങളെല്ലാം പരിശോധിക്കുമ്പോൾ നമുക്കു മനസ്സിലാകുന്നത് യഥാർത്ഥമായ സഭാസ്നേഹവും സത്യസന്ധതയും ആത്മധൈര്യവുമില്ലാത്ത സീറോ മലബാർ സഭയിലെ ചില മെത്രാന്മാർ മാത്രമാണ് ഈ പ്രതിസന്ധികളുടെയെല്ലാം ഉത്തരവാദികൾ എന്നാണ്. സഭയോടു ചേർന്നുനിന്ന, തങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവച്ച് സഭയെ അനുസരിച്ച ദൈവജനത്തെ അവർ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. വിമതരെ എന്നും താലോലിച്ച ഈ മെത്രാന്മാർ സത്യവിശ്വാസികൾക്കു പുല്ലുവില നൽകാതെ അവരെ ഒത്തിരി അപമാനിച്ചിട്ടുണ്ട്. തങ്ങളുടെ സ്വാർത്ഥപരമായ നിലപാടുകൾ കൊണ്ട് അവർ സഭയെ ലോകത്തിനു മുമ്പിൽ അവഹേളന പാത്രമാക്കിത്തീർത്തു.

തിന്മയുടെ ഈ ശക്തികളെ എതിർക്കാനുള്ള ധൈര്യം സിനഡിലെ മറ്റു മെത്രാന്മാർ ഇനിയും കാണിച്ചില്ലെങ്കിൽ ജീവസുറ്റ ഒരു സഭയെ തകർത്തു തരിപ്പണമാക്കി നശിപ്പിച്ചവർ എന്നു എക്കാലവും നിങ്ങൾ അറിയപ്പെടും. ഈ ദുഷ്ടകോക്കസിൻ്റെ തന്ത്രങ്ങൾക്ക് അടിമപ്പെട്ടു സത്യത്തെയും നീതിയേയും ഇനിയും തമസ്കരിച്ചാൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും മുന്നിൽ യാതൊരു വിലയുമില്ലാത്തവരായി നിങ്ങൾ മാറും. തീർച്ച!

Quote of the week

“‘Because the Sacred Liturgy is truly the font from which all the Church’s power flows…we must do everything we can to put the Sacred Liturgy back at the very heart of the relationship between God and man.’.

~ Robert Cardinal Sarah