ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
ഇത് ദീപിക ദിനപത്രത്തിന്റെ പത്രാധിപർക്കുള്ള ഒരു തുറന്ന കത്താണ്. തുറന്നയയ്ക്കുന്നത് ഇത് പത്രത്തിൽ പ്രസിദ്ധീകരിക്കാൻ തീരെ സാദ്ധ്യതയില്ലാത്തതുകൊണ്ട് പത്രം കാശുമുടക്കി വായിക്കുന്ന വായനക്കാർകൂടി അറിയണമെന്നുള്ള ആഗ്രഹത്താലാണ്.
ദീപിക ദിനപത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയലിനെക്കുറിച്ചാണ് എതാനും കാര്യങ്ങൾ കുറിക്കാനുള്ളത്. പത്രാധിപരുടെ ഭാഷയിൽ സഭയിൽ സമാധാനത്തിന്റെ പ്രാവ് ചിറകടിച്ചെത്തിയ ദിവസമാണ് 2024 ജൂലൈ 3. മേജർ ആർച്ചുബിഷപ്പിന്റെ സ്നേഹപൂർവമായ ആഹ്വാനത്തോട് എറണാകുളം അങ്കമാലി രൂപത സ്നേഹത്തോടെതന്നെ പ്രതികരിച്ചുവെന്ന് പത്രാധിപർ പറയുന്നു. ഈ പറയുന്ന സ്നേഹത്തോടെയുള്ള പ്രതികരണത്തിന്റെ ഒരു സാമ്പിൾ ഞാൻ താഴെ കൊടുക്കുന്നു.
————
“എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞങ്ങൾ ഒറ്റയ്ക്കല്ല ഒറ്റക്കെട്ടാണ് എന്ന നിങ്ങളുടെ മുദ്രവാക്യത്തിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന മെത്രാൻ സിനഡിനെ കാണുമ്പോൾ നിങ്ങളോട് ഒരുപാട് നന്ദിയും അതുപോലെതന്നെ സന്തോഷവും അറിയിക്കുകയാണ് . നിങ്ങൾ നേടിയിരിക്കുന്നത് ഒരു വലിയ വിജയമാണ് അതിലെ ഒരു ചെറിയ പരാജയം അത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ല എറണാകുളം അങ്കമാലി അതിരൂപത എന്ന ഒറ്റയാനുമായിട്ട് ഏറ്റുമുട്ടി നടുവൊടിഞ്ഞു കിടക്കുന്ന മെത്രാൻ സിനഡിനെകാണുമ്പോൾ നിങ്ങളുടെ ശക്തിയെ സീറോ മലബാർ സഭ തിരിച്ചറിയുന്നു. ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്ത നമ്മുടെ അച്ഛന്മാരെയും അൽമായ മുന്നേറ്റത്തിന്റെ നേതൃത്വനിരയിൽ ഉള്ള എല്ലാവരെയും പ്രത്യേകം ആയിട്ട് അഭിനന്ദിക്കണം നമ്മൾ അവരെ ഒന്നും പറഞ്ഞു കുറ്റപ്പെടുത്തരുത്, എറണാകുളം അങ്കമാലി അതിരൂപതയുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന മറ്റ് സീറോ മലബാർ സഭയിയിലെ രൂപതകളെ നിങ്ങൾക്ക് കാണാം .ഈ ഒറ്റയാന്റെ പുറത്ത് ഉണ്ടായിരുന്നത് ക്രിസ്തുവാണെന്ന് പിതാക്കന്മാർ മനസ്സിലാക്കാൻ അല്പം ഒന്ന് വൈകിപ്പോയി, അതാത് സമയങ്ങളിൽ കൃത്യസമയത്ത് ദൈവത്തിൻറെ ആത്മാവ് നിങ്ങൾക്ക് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിത്തന്നു. ആ ദൈവത്തിനോട് നമുക്ക് പ്രത്യേകമായിട്ട് നന്ദി പറയാം “നമുക്കും അവനോടുകൂടെ പോയി മരിക്കാം” എന്ന് പറഞ്ഞ തോമസ് അപ്പസ്തോലന്റെ ആത്മധൈര്യം നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വൈദികരോട് കാണിച്ചു. നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് എന്നുള്ള നിങ്ങളുടെ ആ ജീവിതം, അതിൻറെ ആ വിജയത്തിൽ നമുക്ക് സന്തോഷിക്കാം ജനാഭിമുഖമായ കുർബാന ഇല്ലിസിറ്റാണ് എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ആ കുർബാന ലിസിറ്റാണ് എന്ന് പറയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ സമരത്തിൻറെ ഏറ്റവും വലിയ വിജയം. ഒരിക്കൽ കൂടി നിങ്ങളുടെ വിജയത്തിൽ നിങ്ങളോടൊപ്പം സന്തോഷിക്കുന്നു, നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു, എല്ലാ പ്രാർത്ഥനയും ആശംസിക്കുന്നു.”
————
ഒരു വൈദികന്റെ സ്നേഹത്തോടെയുള്ള പ്രതികരണമാണിത്. ഇതുവായിക്കുമ്പോൾ മനസിലാകുമല്ലോ സീറോ മലബാർ സഭയിലെ പ്രതിസന്ധിയെല്ലാം പരിഹരിക്കപ്പെട്ടെന്ന്.
ദീപിക ദിനപത്രത്തിന്റെ ഉത്തരവാദിത്വപ്പെട്ടവർ തങ്ങളുടെ ഏതോ ‘മുതലാളി’യുടെ നിർദേശമനുസരിച്ചാണ് ഈ എഡിറ്റോറിയൽ എഴുതിയതെന്ന് വ്യക്തമാണ്. അവർ അറിയാനുംകൂടിയാണ് ഇതെഴുതുന്നത്. എഡിറ്റോറിയലിൽ സൂചിപ്പിച്ചിരിക്കുന്ന അൾത്താരയിലെ ഐക്യം എങ്ങനെയാണ് ഉണ്ടായതെന്ന് മുകളിലെ വൈദികന്റെ പ്രതികരണത്തിൽനിന്നു വ്യക്തമാണല്ലോ.
ചർച്ചയെന്നപേരിൽ അസത്യത്തിന്റെ ആൾരൂപങ്ങളായ കുറെ നുണയന്മാരുടെ ഒരു ഗ്രൂപ്പുമായി ഒന്നിച്ചിരുന്ന് അവരുടെ ആവശ്യങ്ങളെല്ലാം അപ്പടി അംഗീകരിച്ച് മൂക്കുകൊണ്ട് ക്ഷ വരച്ച് ഒപ്പിട്ട കുറിമാനം പൊതുസമൂഹത്തിൽ കറങ്ങി നടപ്പുണ്ട്. ഐക്യമുണ്ടായ വഴി അതിൽ വ്യക്തമാണ്. ഈ എഡിറ്റോറിയലെഴുതാൻ പ്രേരണയോ നിർദേശമോ നല്കിയവരോട് ഒന്നേ പറയാനുള്ളു. ഇത്രയും പരിഹാസ്യമായ നിലപാടുകൾ സ്വീകരിക്കുകയും യാതൊരു ഉളുപ്പുമില്ലാതെ മാധ്യമത്തിലൂടെ അതിനെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന നിങ്ങൾ എറണാകുളത്ത് ഇത്രയുംകാലം എല്ലാത്തരത്തിലുമുള്ള അവഹേളനങ്ങളും സഹിച്ച് സ്വന്തം കുടുംബബന്ധങ്ങൾപോലും അപകടത്തിലാക്കി സിനഡിനോടു ചേർന്നുനിന്ന വിശ്വാസികളെ ക്രൂരമായി അവഹേളിച്ചിരിക്കുന്നു.
സഭയോടും സഭയുടെ ആരാധനക്രമത്തോടും ഇത്രയും വലിയ ശോഭകേട് കാണിച്ചിട്ട് അതിനെ വെളുപ്പിക്കാൻവേണ്ടി നിങ്ങൾ എന്തെല്ലാം കസർത്തുകൾ നടത്തിയാലും നിങ്ങളുടെ മൂക്കിൻതുമ്പത്ത് പറ്റിയിരിക്കുന്ന കറുത്ത മഷി ഒരിക്കലും മാഞ്ഞുപോവില്ല.
ഞങ്ങൾ കാശുകൊടുത്തുമേടിക്കുന്ന ദിനപത്രത്തെ ഉളുപ്പില്ലാത്തവർക്ക് ഉടുക്കാൻ കൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു മാത്രമേ പത്രാധിപരോടും പറയാനുള്ളു. ചരിത്രപരമെന്നും വരുംതലമുറയ്ക്ക് പ്രചോദനമെന്നുമൊക്കെ നിങ്ങൾ വിശേഷിപ്പിക്കുന്ന ഐക്യം ഉണ്ടാക്കിയതെങ്ങനെയെന്ന് അറിയാതിരിക്കാൻ അങ്ങ് ഉഗാണ്ടായിലല്ലല്ലോ പത്രമാപ്പിസ് സ്ഥിതിചെയ്യുന്നത്. പത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ എഡിറ്റോറിയൽ എഴുതുമ്പോൾ പത്രധർമ്മത്തിന്റെ ചെറിയ അംശമെങ്കിലും അതിനോട് ചേർത്തുവയ്ക്കേണ്ടതല്ലേ…? ഏതായാലും ഇന്നു നിങ്ങൾ കാണിച്ച ഈ വലിയ നെറികേടിനോട് പത്രത്തിന്റെ വരിക്കാരൻ എന്ന അവകാശത്തിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.
