“ഈശോമിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ”. എറണാകുളം അങ്കമാലി വിഷയത്തിൽ ഒരച്ചൻ്റെ (കുറച്ച് കൂടി അഭികാമ്യം വിമത വൈദീകൻ്റെ) കുറിപ്പ് കുറച്ച് മുൻപ് കാണാൻ ഇടയായി – എന്തിനാണ് ചക്കരേ അച്ചൻ പട്ടത്തിന് പോയത്?? എന്ന് ചോദിക്കാൻ തോന്നുംവിധമുള്ള അഭിപ്രായ പ്രകടനം.

പ്രസക്തഭാഗങ്ങൾ –

1. “നിങ്ങളുടെ മുദ്രാവാക്യത്തിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന മെത്രാൻ സിനഡിനെ കാണുമ്പോൾ” ;

സിനഡ് – പരിശുദ്ധ സിനഡ് – പരിശുദ്ധ സൂനഹദോസ് എന്താണെന്നും, എങ്ങനെ സമീപിക്കണം എന്നുള്ള സാമാന്യബോധം ഇല്ലാത്ത ഒരു വൈദീകനാണല്ലോ അങ്ങ് എന്നോർത്ത് വേദനിക്കുന്നു. ഞങ്ങൾ വിശ്വാസികൾക്ക് ഈ സിനഡ് വലിയ സംഭവം ആണ് ട്ടോ. ഞങ്ങൾ സിനഡിൻ്റെ തീയതി അറിയുമ്പോൾ മുതൽ പ്രാർത്ഥന തുടങ്ങും. പരിശുദ്ധ സൂനഹദോസ് പരിശുദ്ധ റൂഹായാൽ നിറയപ്പെടാൻ. അല്ലെങ്കിലും തിരുസഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരും നിലകൊള്ളുന്നവരും നിങ്ങൾക്ക് വിഡ്ഢി കളാണല്ലോ. അതിനാൽ, കൂടുതൽ എന്ത് പറയാനാണ്!!

2. “എറണാകുളം അങ്കമാലി അതിരൂപത എന്ന ഒറ്റയാനുമായിട്ടു ഏറ്റുമുട്ടി നടുവൊടിഞ്ഞു കിടക്കുന്ന മെത്രാൻ സിനഡിനെ കാണുമ്പോൾ” ;

എന്നാ ഡയലോഗാണ് അച്ചാ ഇത്. ശരിക്കും അച്ചൻ ഒരു മെലോഡ്രാമയിൽ ചാലിച്ച നോവൽ എഴുതുന്നത് നല്ലതാണ് ട്ടോ. ഇപ്പോഴത്തെ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ മാസ്സ് ഡയലോഗും അമ്പാൻ്റെ തള്ളും ഷമ്മിചേട്ടൻ്റെ പ്രഹസനവും ഒക്കെക്കൂടി അച്ചൻ തകർക്കും. സിനഡിൻ്റെ മുന്നിൽ മറ്റു രൂപതയും അതിരൂപതയുമൊക്കെ കുഴിയാനയായി നിൽക്കുന്നത് വിശ്വാസപ്രമാണം നാവ് കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും പ്രാർത്ഥിക്കുന്നത് കൊണ്ടാണ്. ഒറ്റയാൻ ആയി തോന്നുന്നത് നമ്മുടെ ഈ പഴയ കുളത്തിലെ തവള -കൂപമണ്ടൂക മനോഭാവത്തിൻ്റെയാണ്.

3. “എറണാകുളം അങ്കമാലി അതിരൂപതയുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന മറ്റ് സീറോ മലബാർ സഭയിലെ രൂപതകളെ നിങ്ങൾക്ക് കാണാം” ;

അച്ചാ, അനുസരിക്കുന്നവർ എന്നും തല ഉയർത്തിയെ നിൽക്കുകയുള്ളൂ, അഥവാ തല കുനിക്കുന്നുണ്ടെങ്കിൽ അതു അനുസരണയെ പ്രതി ആയിരിക്കും.

“മറ്റ് സീറോമലബാർ സഭയിലെ രൂപതകൾ” അല്ല (ഓരോ രൂപതയും വേറെ വേറെ സഭയായി കാണുന്ന മനോഭാവം ഉള്ളത് കൊണ്ട് ഈ പ്രയോഗം സ്വഭാവികം); പിന്നെ സിറോ മലബാർ സഭയിലെ മറ്റു രൂപതകൾ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതസമൂഹം കാരണം പൊതുസമൂഹത്തിന് മുന്നിൽ തലകുനിച്ച് നിക്കേണ്ട അവസ്ഥയിലാണ്; കാരണം നിങ്ങൾ വലിച്ചു കീറുന്നതു വിമതരായ നിങ്ങൾക്ക് വെറും സ്ഥാപനമായ സഭയും ഞങ്ങൾക്ക് അമ്മയായ തിരുസഭയും ആണ്.

4. “ഈ ഒറ്റയാൻ്റെ പുറത്തുണ്ടായിരുന്നത് ക്രിസ്തുവാണ്” ;

ഈശോ ഒറ്റയാൻൻ്റെയും ആരുടെയും പുറത്തല്ല അച്ചാ, ഹൃദയത്തിലാണ്. ഓരോ വിശ്വാസിയുടെയും. അച്ചന് ഒറ്റയാൻ ആണ് വലിയ സംഭവം എന്ന് തോന്നുന്നു. ഈശോ ഒരിക്കലും ഒറ്റയാനെ പോലെയല്ല. അവൻ ആടുകളുടെ മണമുള്ള, ആടുകളുടെ കൂടെ നടക്കുന്ന, ആടുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന നല്ല ഇടയനാണ്. ഒറ്റയാൻ ആവാതെ നല്ല ഇടയനും അനുസരണയുള്ള ആടും ആവാൻ ആണല്ലോ തമ്പുരാൻ്റെ ആലയിലേക്ക് നമ്മെ വിളിച്ചിരിക്കുന്നത്.

5. “തോമസ് അപ്പസ്തോലൻ്റെ ആത്മധൈര്യം നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വൈദീകരോടു കാണിച്ചു” ;

തമ്പുരാൻ്റെ ഇഷ്ടം തൻ്റെ ഇഷ്ടമായി കണ്ട, അവന് വേണ്ടി മരിക്കാൻ പ്രഘോഷിച്ച, തിരുസഭ ജനിച്ച അവൻ്റെ വിലാവിൽ സ്പർശിച്ച് പൂർണ്ണവിധേയത്വത്തിൻ്റെ *എൻ്റെ കർത്താവേ എൻ്റെ ദൈവമേ” സാക്ഷ്യപ്പെടുത്തിയ മാർതോമ്മാ ശ്ലീഹായുടെ പേരെടുത്ത് പറഞ്ഞു തന്നെ സിറോ മലബാർ സഭയിലെ രൂപതകളെ അധിക്ഷേപിക്കുന്ന വാക്കുകൾ ചൊരിയണം.

“നിങ്ങളുടെ വൈദീകരോ” ; അതെന്നാ അച്ചാ, തിരുസഭ അല്ലയോ തിരുപട്ടം തന്നത് ആ വൈദീകർക്ക്. വൈദീകൻ സഭയുടെ സ്വത്താണ്. സഭയുടെ വൈദീകരോട് ആദരവ് കാണിക്കേണ്ടത് തിരുസഭയെ അനുസരിച്ച് കൊണ്ടാണ്. പക്ഷേ, നിങ്ങൾ അനുസരിക്കാത്തതു എങ്ങനെ അവരോട് പറയും. പിന്നെ, തോമാ കാണിച്ച ആത്മധൈര്യം അവർ കാണിച്ചെങ്കിൽ നിങ്ങൾ ഇത്ര ദൂരം അനുസരണയില്ലാതെ പോവില്ലായിരുന്നു.

6. “നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് എന്നുള്ള നിങ്ങളുടെ ആ ജീവിതം, അതിൻ്റെ ആ വിജയത്തിൽ നമുക്ക് സന്തോഷിക്കാം” ;

ഇത് സത്യം പറഞ്ഞാൽ എനിക്ക് മനസിലായില്ലാട്ടോ. തിരുസഭയോട് ഒത്തല്ലാതെ നമുക്കൊരു വിജയമോ, തനിച്ച് ഒരു സന്തോഷമോ ഉണ്ടോ ആത്മീയ വിഷയങ്ങളിൽ, അറിയില്ല.

7. “ജനാഭിമുഖമായ കുർബാന ഇല്ലിസിറ്റാണ് എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ആ കുർബാന ലിസിറ്റ് ആണ് എന്ന് പറയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ സമരത്തിലെ ഏറ്റവും വലിയ വിജയം”

ഇതാണ് ഈ കുറിപ്പിലെ മാസ്റ്റർപീസ് ഡയലോഗ്. ഇതിലും വലുതായി ഒന്നും നിങ്ങൾ പിതാക്കന്മാർക്ക് കൊടുക്കാനില്ല. സിനഡ് എത്രത്തോളം താഴാൻ പാടില്ലയോ അതിനും അപ്പുറമാണ് പോയത്. അനുരഞ്ജനവും ക്ഷമയും അർഹിക്കാത്ത കാര്യങ്ങൾക്ക്, അനുചിതമായ വിഷയങ്ങളിൽ ചെയ്താൽ അത് മുത്ത് ആരുടെയോ മുന്നിലേക്ക് എറിഞ്ഞിട്ട അവസ്ഥ ആകും.

പിതാക്കന്മാരെ, അവരുടെ സമരത്തിലെ ഏറ്റവും വലിയ വിജയമായി അവർ കാണുന്നത് എത്ര വലിയ മണ്ടത്തരമാണെന്ന് കണ്ടോ? ഇല്ലിസിറ്റ് ആയ കുർബാനഅർപ്പണ രീതി തുടരാൻ അനുവദിക്കുന്നതിലെ വലിയ ഒരു അപകടമാണിത്. വാങ്ങിക്കുന്നവർ അറിയുന്നിലെങ്കിൽ കൊടുക്കുന്നവർ അറിയണം എന്നാണ് കാർന്നോന്മാർ പറയുക. ഇത് പാത്രം അറിയാതെയുള്ള ഭിക്ഷ ആയിപ്പോയി.

‘അനുരഞ്ജനപ്പെട്ടു’ തിരികെ വന്ന പുത്രനെയാണ് പിതാവ് സ്വീകരിച്ചത്.

പിന്നെ, അച്ചൻ മറ്റൊരു കൂട്ടരെ ഒന്ന് ഓർത്താൽ നന്നായിരുന്നു. തിരുസഭ പറഞ്ഞ ഉടനെ, ഈശോയുടെ മൗതീകശരീരമാണ് പറയുന്നത്, ശിരസ്സായ മിശിഹായാണ് പറയുന്നത് എന്ന ബോധ്യം ഉള്ളത് കൊണ്ട്; കുരിശോളം അനുസരണപ്പെട്ട മിശിഹായെ പിൻചെന്ന് ബോധ്യങ്ങൾ മാറ്റിനിർത്തി പ്രാണനെക്കാൾ അവർ ചേർത്ത് പിടിച്ച പൂർണ്ണ മദ്ബഹാഭിമുഖകുർബാന അവർ ഉപേക്ഷിച്ച് ഏകീകൃത കുർബാനയർപ്പണം(?) തുടങ്ങി. അച്ചന് മനസിലാകുന്ന, അച്ചൻ എഴുതിയ കുറിപ്പിന് ചേർന്ന രീതിയിൽ പറഞ്ഞാൽ നല്ല നമ്പർ 1 തേപ്പ് കിട്ടിയവർ. ഒന്ന് അവരെ ഇടയ്ക്ക് ഓർക്കണം.

15 മിനിറ്റാണ് നിങ്ങൾക്ക് അനുസരിക്കാൻ ബുദ്ധിമുട്ട്, ദൈവോന്മുഖമായി ജീവിക്കേണ്ടുന്ന ഈ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട പരിശുദ്ധകുർബാനയിൽ 15 മിനിറ്റ് ജനത്തിന് നേരെ പിന്തിരിയാൻ മാനസിക ബുദ്ധിമുട്ട് തോന്നി മുഴുവൻ സമയവും ദൈവത്തിന് പിൻതിരിഞ്ഞ് നിൽക്കുന്ന നിങ്ങളോടു എന്ത് പറയാനാണ്!!!

Quote of the week

“‘Because the Sacred Liturgy is truly the font from which all the Church’s power flows…we must do everything we can to put the Sacred Liturgy back at the very heart of the relationship between God and man.’.

~ Robert Cardinal Sarah