ഫാ. വർഗീസ് വള്ളിക്കാട്ട്
ഭിന്നതയുടെ വിത്തു വിതയ്ക്കുന്നതു പിശാചാണെങ്കിലും, സഭയിൽ അതിനെ മുളപ്പിച്ചു, വളർത്തി വലുതാക്കുന്നതും അതിനു വളം വയ്ക്കുന്നതും പിശാചോ ദുരാത്മാക്കളോ അല്ല.
അൽമായരുമല്ല! വൈദികർ പോലുമല്ല!
ഐക്യത്തിന്റെ ശുശ്രൂഷകരും കൂട്ടായ്മയുടെ പരിചാരകരും പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹ കൂട്ടായ്മക്ക് സാക്ഷ്യം വഹിക്കാനായി രക്തം ചിന്തേണ്ടി വന്നാൽപോലും, കൂട്ടായ്മ സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്തവരുമാണ് എന്നുവരുന്നത് തീർത്തും സങ്കടകരമാണ്!
ആരാണ് ദൈവജനത്തെ ‘ശീശ്മ’യിലേക്കു നയിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്?
സഭയുടെ സിനഡിന്റെ തീരുമാനത്തെയും കൂട്ടായ്മയേയും പരസ്യമായി വിമർശിച്ചു രംഗത്തു വരികയും അനുസരണക്കേടിനു വളം വച്ചുകൊടുക്കുകയും സിനഡിനെ പരസ്യമായി വെല്ലുവിളിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്യുന്നത് വൈദികരാണോ?
‘ഐക്യത്തിന്റെ ശുശ്രൂ’ഷയുടെ അർത്ഥമെന്താണ്?
സഭയിലെ ഗ്രൂപ്പുകളുടെ സംരക്ഷകരും പരിചാരകരുമായി, വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് സഭയുടെ കൂട്ടായ്മയിലും കൂട്ടായ്മയുടെ ശുശ്രൂഷയിലും തുടരാൻ കഴിയുന്നതെങ്ങനെ?
കൂട്ടുത്തരവാദിത്വം തകർന്നാൽ, ഒരു സ്വയാധികാര സഭയുടെ സിനഡിനു സഭാ കൂട്ടായ്മയുടെ മൂലക്കല്ലായി തുടരാൻ കഴിയുമോ?
ഒന്നുകിൽ, ‘ഭിന്നതയുടെ ഉപാസക’രായി മാറിയ ‘കൂട്ടായ്മയുടെ പരിചാരകർ’ സഭയുടെ കൂട്ടായ്മയിലും കൂട്ടുത്തരവാദിത്വത്തിലും ഉറച്ചു നില്ക്കുന്നു എന്നു ചുമതലപ്പെട്ടവർ ഉറപ്പു വരുത്തണം.
അല്ലെങ്കിൽ, ഇനിയും അനേകർക്ക് ഉതപ്പും ദുർമാതൃകയും നൽകി ദുർമാർഗത്തിലേക്കു നയിക്കാതിരിക്കാൻ,
സഭതന്നെ അവർക്കെതിരെ നടപടി കൈക്കൊള്ളണം.
സിനഡിന്റെ തീരുമാനത്തിനെതിരെ പ്രവർത്തിക്കുന്നവർ അച്ചടക്ക നടപടി നേരിടും എന്നുറപ്പിച്ചു പറയാൻ, സഭാ നേതൃത്വം തയ്യാറാകാത്തതല്ലേ, ഇന്നത്തെ പ്രതിസന്ധിയുടെ യഥാർത്ത കാരണം?
