സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണവുമായി ബന്ധപ്പെട്ട് 2024 ജൂൺ 9ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിനെതിരെ എറണാകുളം- അങ്കമാലി അതിരൂപതയിൽപ്പെട്ട അഞ്ച് മെത്രാന്മാർ ഇക്കഴിഞ്ഞ ദിവസം ഒരു വിയോജനക്കുറിപ്പ് ഇറക്കിയിരുന്നല്ലോ. ആ വിയോജനക്കുറിപ്പിന്റെ ഒരു ഭാഗത്ത് “ഐകരൂപ്യം എന്നത് ഐക്യത്തെ ബലി കഴിച്ചുകൊണ്ടാവരുത്” എന്ന് പ്രസ്താവിക്കുന്നുണ്ട്.

വാസ്തവത്തിൽ, ഐകരൂപ്യം എന്നത് ഐക്യത്തെ ബലി കഴിക്കുന്നുണ്ടോ? നമ്മുടെ പൊതു സമൂഹത്തിലേക്ക് നോക്കിയാൽ പലതരത്തിലുള്ള ഐകരൂപ്യങ്ങൾ കാണാൻ സാധിക്കും. ഉദാഹരണമായി, ഒരു സ്കൂളിന് സാധാരണഗതിയിൽ നിശ്ചയിക്കപ്പെട്ട ഒരു യൂണിഫോം (uniform)ഉണ്ടാകും. ആ സ്കൂളിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികളും അത് അംഗീകരിക്കുന്നു.അതിനെ തിരെ ആരും കലാപത്തിന് മുതിരില്ല. കാരണം ആ യൂണിഫോം എന്നത് അധികാരികൾ നിർദ്ദേശിക്കുന്നതാണ്.

ഇന്ത്യ എന്ന രാജ്യത്തിന് പൊതുവായി ദേശീയ ഗാനം ഉണ്ട്. ഇന്ത്യയിൽ എല്ലായിടത്തും ഒരു ദേശീയ ഗാനം മാത്രമേയുള്ളൂ. ഇതും പൊതുസമൂഹം അംഗീകരിക്കുന്ന ഒരു ഐകരൂപ്യം (uniformity) ആണ്. ഇന്ത്യയിലെല്ലായിടത്തും ദേശീയ ഗാനം പാടുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കുന്നു. .ഒരു സാധാരണ തൊഴിലാളി മുതൽ രാഷ്ട്രപതി വരെ ഇപ്രകാരം ചെയ്യുന്നു. ഇതും ഒരു uniformity ആണ്. രാഷ്ട്രത്തോടുള്ള ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.ഈ ഐകരൂപ്യത്തിന്റെ (uniformity)പേരിൽ ഇന്ത്യയുടെ ഐക്യം നഷ്ടപ്പെടുന്നില്ല. കാരണം തങ്ങളുടെ രാജ്യത്തിനു വേണ്ടിയാണ് എല്ലാവരും ഇപ്രകാരം ചെയ്യുന്നത്.

വിശ്വാസികളുടെ കൂട്ടായ്മയായ സഭയിലേക്ക് കടന്നുവരുമ്പോൾ അവിടെയും ചില uniformity കൾ പാലിക്കപ്പെടേണ്ടതുണ്ട്. സഭാധികാരികളാണ് അത് നിർദേശിക്കുന്നത്. അത്തരത്തിലുള്ള ഒരു uniformity യാണ് വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കണമെന്ന നിർദ്ദേശം. ചരിത്രപരമായ കാരണങ്ങളാൽ ദീർഘനാളുകളായി പല രൂപതകളിലും പല രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന അവസ്ഥ ഒഴിവാക്കാനാണ് സഭ ഇപ്രകാരം ഒരു നിർദ്ദേശം നൽകിയത്. “ബലിപീഠത്തിലെ ഐക്യം” പരമപ്രധാനമായി കണ്ടതുകൊണ്ടാണ് സഭയുടെ സിനഡ് 1999ൽ ഇപ്രകാരം ഒരു തീരുമാനത്തിലേക്കെത്തിയത്.

2021 ആഗസ്റ്റ് 27 ന് സീറോ മലബാർ സഭയുടെ അന്നത്തെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത ബലിയർപ്പണത്തെക്കുറിച്ച് നൽകിയ സർക്കുലറിൽ ഇപ്രകാരം പറയുന്നു:

“ആരാധനക്രമത്തിൽ ഐകരൂപ്യമല്ല ഐക്യമാണ് വേണ്ടത് എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. ഐക്യവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പര പൂരകങ്ങളാണ്. അടിസ്ഥാന ഘടകങ്ങളിലുള്ള ഐകരൂപ്യം ഐക്യത്തിന് ആവശ്യമാണ്. ആരാധനക്രമത്തിന്റെ അടിസ്ഥാന രൂപങ്ങളിൽ ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. ഇതിന് നമ്മുടെ സഭയുടെ ചരിത്രം തന്നെ സാക്ഷിയാണ്.” വിശുദ്ധ കുർബാനയിലെ ഐകരൂപ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പിതാവ് തന്റെ സർക്കുലറിലൂടെ സൂചിപ്പിച്ചത്.

വിശുദ്ധ കുർബാനയിൽ ഐകരൂപ്യത്തിന് ഒരു വലിയ സ്ഥാനമുണ്ട്. ഉദാഹരണമായി, വിശ്വാസികൾ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ ഓരോരുത്തർക്കും ഇഷ്ടമുള്ളതുപോലെ നിൽക്കാനോ ഇരിക്കാനോ മുട്ടുകുത്താനോ ഉള്ള സ്വാതന്ത്ര്യം കൊടുക്കുകയാണെങ്കിൽ അവിടെ ആ കർമ്മത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.കാരണം, ഇത്തരമൊരു സാഹചര്യത്തിൽ ഒരേ മനസ്സോടെയും ഒരേ ഹൃദയത്തോടെയുമല്ല വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്നത്. സഭയുടെ വിശുദ്ധ കുർബാന ഒരുമയോടെ അർപ്പിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ബാഹ്യമായ അനുഷ്ഠാനങ്ങൾക്കും പ്രതീകങ്ങൾക്കും അവിടെ പ്രസക്തിയുണ്ട്.

ഒരു സ്വയാധികാരസഭയായ സീറോ മലബാർ സഭയിൽ ആരാധനക്രമത്തിന്റെ uniformity യ്ക്ക് വലിയ അർത്ഥമുണ്ട്.തനതായ ആരാധനക്രമം പിന്തുടരുന്ന സീറോ മലബാർ സഭാംഗങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തായാലും ഒരേ രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെ പ്രാദേശിക താൽപര്യങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല.

“ഐകരൂപ്യം നടപ്പിലാകുമ്പോൾ ഐക്യം ബലി കഴിക്കപ്പെടുന്നു” എന്നത് യുക്തിരഹിതമായ ഒരു വാദമാണ്. നേരെമറിച്ചാണ് സംഭവിക്കേണ്ടത്. സഭയുടെ നിർദ്ദേശമനുസരിച്ച് ഐകരൂപ്യത്തോടെ ബലിയർപ്പണം നടത്തുമ്പോൾ ലോകമെങ്ങുള്ള വിശ്വാസികൾ തങ്ങളുടെ മാതൃസഭയായ സീറോ മലബാർ സഭയുടെ കുടക്കീഴിലാകുകയാണ് ചെയ്യുന്നത്. ഈ കാഴ്ചപ്പാട് സ്വന്തമാക്കുമ്പോൾ ഭാഗ്യസ്മരണാർഹനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ “സഭ വിശുദ്ധ കുർബാനയിൽ നിന്ന്”(2003) എന്ന തന്റെ ചാക്രികലേഖനത്തിൽ പറഞ്ഞതുപോലെ “ആരാധനക്രമം ഒരിക്കലും ആരുടെയും സ്വകാര്യ സ്വത്തല്ല; ആഘോഷിക്കുന്ന കാർമ്മികന്റെയോ രഹസ്യങ്ങൾ ആഘോഷിക്കപ്പെടുന്ന സമൂഹത്തിന്റെയോ സ്വത്തല്ല” (No. 52)എന്ന മനോഭാവത്തിലേക്ക് കടന്നു വരാൻ ഓരോ വിശ്വാസിക്കും സാധിക്കും.

ഒരു വൈദികൻ തന്റെ കീഴിലുള്ള സൺഡേ സ്കൂളിൽ യൂണിഫോം നടപ്പിലാക്കുന്നതിൽ നന്മ കാണുന്നുണ്ടെങ്കിൽ തീർച്ചയായും സഭ ഔദ്യോഗികമായി നിർദ്ദേശിക്കുന്ന വിശുദ്ധ കുർബാനയുടെ uniformity യിലും നന്മ കാണേണ്ടതാണ്. “ഐകരൂപ്യം ഐക്യത്തെ ബലി കഴിക്കുന്നു” എന്ന് പറയുന്നതിന് പകരം “ഐകരൂപ്യത്തിലൂടെ ബലിപീഠത്തിന്റെ ഐക്യത്തിലേക്ക് കടന്നു വരാൻ” തങ്ങളുടെ അജഗണങ്ങളെ ബോധവൽക്കരിക്കാനും ആഹ്വാനം ചെയ്യാനുമുള്ള ഗൗരവമേറിയ ഉത്തരവാദിത്വം വിയോജനക്കുറിപ്പ് എഴുതിയ മെത്രാന്മാർക്കുണ്ട്. 2021ൽ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരിപ്പിതാവ് പുറപ്പെടുവിച്ച സർക്കുലറിലെ അവസാന വാചകം സീറോ മലബാർ സഭയിലെ ഓരോ വിശ്വാസിക്കും വഴികാട്ടിയാകട്ടെ. “ഭിന്നതകളുടെ മതിലുകൾ തകർക്കുന്ന ദൈവാരൂപിയുടെ പ്രവർത്തനത്തിനായി നമുക്ക് സഭയെ സമർപ്പിക്കാം”

Leave a comment

Quote of the week

“‘Because the Sacred Liturgy is truly the font from which all the Church’s power flows…we must do everything we can to put the Sacred Liturgy back at the very heart of the relationship between God and man.’.

~ Robert Cardinal Sarah