ഫാ. ജയിംസ് ചവറപ്പുഴ
രക്തസാക്ഷികളുടെ തിരുശേഷിപ്പു വണക്കത്തോടു കൂടിയാണ് സീറോമലബാർ സഭയിൽമെത്രാഭിഷേക കർമ്മം ആരംഭിക്കുന്നത്.
രക്തസാക്ഷിളെ പോലെ രക്തം ചിന്തിയും ജീവൻ വെടിഞ്ഞും സത്യവിശ്വാസം സംരക്ഷിച്ചു കൊള്ളാം എന്ന പ്രഖ്യാപനമാണ് ഈ കർമ്മത്തിൻ്റെ അർത്ഥം. ഒരാൾ മെത്രാനായി അഭിഷിക്തനാകുന്നതോടെ അയാൾ സാർവ്വത്രിക സഭയിലെ മെത്രാൻ സംഘത്തിലെ അംഗമായി. ഇതിനെയാണ് Collegiality of Bishops എന്ന് പറയുന്നത്. മെത്രാന് വ്യക്തിതാത്പര്യങ്ങൾ ഇല്ല.. കുടുംബ താത്പര്യങ്ങൾ ഇല്ല… പ്രാദേശിക താത്പര്യങ്ങൾ ഇല്ല.. ഒരാൾ മെത്രാനാകുന്നത് ശ്ലീഹന്മാരുടെ പിൻഗാമി എന്ന നിലയിൽ മാർപാപ്പായോട് ചേർന്നും മറ്റ് മെത്രാന്മാരോട് ഒപ്പവും ശ്ലൈഹിക ശുശ്രുഷ (Apostolic Service) നിർവ്വഹിക്കാനാണ്. അത് വ്യക്തമാക്കാനാണ് സഭയിലെ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ ചുംബിച്ചു കൊണ്ട് ഈ ശുശ്രൂഷ ആരംഭിക്കുന്നത് തന്നെ.
തുടർന്ന് വിശ്വാസ പ്രഖ്യാപനമാണ് മെത്രാഭിഷേക കർമ്മത്തിൽ നടക്കുന്നത്. മദ്ബഹായുടെ മുമ്പിൽ മുട്ടുകുത്തി, കാർമ്മികനും വിശ്വാസികളും സാക്ഷിയായി, വി. സുവിശേഷത്തിന്മേൽ വലതുകരം വച്ച് സഭയുടെ സത്യവിശ്വാസം ഉറക്കെ ചൊല്ലുന്നു …
ദീർഘമായ ഈ വിശ്വാസപ്രഖ്യാപനത്തിലെ രണ്ടാം ഭാഗം ഇപ്രകാരമാണ് : “വിശ്വാസവും സന്മാർഗ്ഗവും സംബന്ധിച്ച് സഭ നിയതമായി നിർദ്ദേശിച്ചിരിക്കുന്ന എല്ലാ പ്രബോധനങ്ങളും ഞാൻ ദ്യഢമായി സ്വീകരിക്കുന്നു. കൂടാതെ, റോമിലെ മാർപാപ്പയോ മെത്രാൻസംഘമോ ഔദ്യോഗിക പ്രബോധധികാരം ഉപയോഗിച്ച് പഠിപ്പിക്കുന്നവ, അവർ അവയെ നിയതമായി നിർവ്വചിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും, അവയോടുള്ള വിശ്വാസപൂർവ്വകമായ വിധേയത്വം പൂർണ്ണമായ അറിവോടും സമ്മതത്തോടും കുടി ഞാൻ ഏറ്റു പറയുന്നു.
പത്രോസിൻ്റ പിൻഗാമിയും സാർവ്വത്രിക സഭയുടെ തലവനുമായ മാർപാപ്പായെ പൂർണ്ണഹൃദയത്തോടെ അനുസരിച്ചുകൊള്ളാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പിനോട് സഭാനിയമം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളിലും പൂർണ്ണമായ വിധേയത്വം ഞാൻ ഏറ്റുപറയുന്നു”.
സഭയുടെ സത്യവിശ്വാസം പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടി ഏറ്റുപറയുകയാണ് ഇവിടെ ചെയ്യുക. സഭയുടെ നിയതമായ അധികാരികൾ
( മാർപാപ്പായും സിനഡും) നൽകുന്ന പ്രബോധനത്തോട് വിശ്വാസപൂർവ്വകമായ വിധേയത്വമാണ് ഇവിടെ പ്രഖ്യാപിക്കുന്നത്. ഇവിടെ ഒരു മെത്രാൻ്റെ വ്യക്തിപരമായ ഇഷ്ടത്തിനോ താത്പര്യത്തിനോ പ്രസക്തി ഇല്ല. മറിച്ച് മാർപാപ്പായിലും മെത്രാൻ സംഘത്തിലും നിക്ഷിപ്തമായിരിക്കുന്ന ശ്ലൈഹിക അധികാരത്തോടും കൂട്ടായ്മയോടും ചേർന്നു പോവുക എന്നതാണ് പ്രധാനം.
അതോടൊപ്പം പ്രധാനമാണ് മാർപാപ്പയോടും പാത്രിയാർക്കീസ് അഥവാ മേജർ ആർച്ച്ബിഷപ്പിനോടുള്ള വിധേയത്വം. ഈ വിധേയത്വം ശ്ലൈഹിക കൂട്ടായ്മയോടുള്ള വിധേയത്വം തന്നെയാണ്. അതാണ് വിശ്വാസപ്രഖ്യാപനത്തിൻ്റെ അവസാന ഭാഗത്ത് കാണുന്നത്.
മെത്രാനെ രൂപതയുടെ ശുശ്രൂഷാ ചുമതല ഏൽപ്പിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനയും ശ്രദ്ധേയമാണ്:
“അങ്ങയുടെ ജനത്തെ ശ്രദ്ധയോടെ നയിക്കുന്നതിനും രോഗികളെ പ്രാർത്ഥനയാൽ സുഖപ്പെടുത്തുന്നതിനും വഴി തെറ്റിപ്പോയവരെ നേർവഴിയിലേക്ക് ആനയിക്കുന്നതിന്നും എല്ലാവരെയും സത്യപ്രബോധനത്തിലേക്കു തിരിക്കുന്നതിനും അവരെ വിശുദ്ധിയിലും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും നിലനിർത്തുന്നതിനും ഈ ദാസൻ ശക്തനാകട്ടെ”.
മെത്രാൻ്റെ കടമയും ഉത്തരവാദിത്വവുമാണ് ഇവിടെ ഓരോന്നായി വ്യക്തമാക്കുന്നത്.
ഇതിൽ മൂന്ന് കാര്യങ്ങൾ എടുത്ത് വിശദീകരിക്കാൻ ആഗ്രഹിക്കുന്നു..
- അങ്ങയുടെ ജനത്തെ (ജനം കർത്താവിൻ്റേതാണ് എന്ന് വ്യക്തം) ശ്രദ്ധയോടെ നയിക്കുക എന്നതാണ് ഒന്നാമത്തേത്. നയിക്കുക എന്നാൽ മുമ്പിൽ നടക്കുക എന്നർത്ഥം. അതാണ് ഇടയധർമ്മം. മുൻപിൽ വരാൻ സാധ്യതയുള്ള ശത്രുവിൻ്റെ ആക്രമത്തെ തടുക്കുകയും ഒരു വേള ശത്രുവാൽ നിഗ്രഹിക്കപ്പെടാനുമുള്ള വിളിയാണത്.. അവിടെ ഭയത്തിന് ഇടമില്ല.. ജാഗ്രതയോടെ ഇടയധർമ്മം നിർവഹിക്കുക തന്നെ വേണം.
- വഴി തെറ്റിപ്പോയവരെ നേർവഴിയിലേക്ക് ആനയിക്കുക. മെത്രാൻ്റെ മറ്റൊരു പ്രധാന കർത്തവ്യമാണിത്. സത്യവിശ്വാസത്തിൽ നിന്നും സഭാ കൂട്ടായ്മയിൽ നിന്നും വഴി തെറ്റി പോയവരെ നേർവഴിയിലേക്ക് ആനയിക്കുക. ഈ പ്രവൃത്തിയും മുന്നിൽ നിന്ന് മാതൃകയാൽ നടത്തുക എന്നത് പ്രധാനമാണ്.
- എല്ലാവരെയും സത്യപ്രബോധനത്തിലേക്ക് തിരിക്കുക. ഏറ്റവും പ്രധാനപ്പെട്ട മെത്രാൻ ധർമ്മമാണിത്.. തൻ്റെ ജനത്തെ പാടവത്തോടെ പഠിപ്പിക്കുക. എന്താണ് പഠിപ്പിക്കുക ? സത്യവിശ്വാസവും സഭാ പ്രബോധനവും. സഭയുടെ ഔദ്യോഗിക പ്രബോധനത്തിലേക്ക് എല്ലാവരെയും നയിക്കാൻ തക്കവിധം കാര്യങ്ങൾ പഠിപ്പിക്കുക.
ഇനി കഴിഞ്ഞ ദിവസം എറണാകുളം – അങ്കമാലി വിമത ശീശ്മ പരിഹരിക്കാനുള്ള പ്രത്യേക സീറോ മലബാർ സിനഡിന്, അഞ്ച് മെത്രാന്മാർ സമർപ്പിച്ച കത്ത് മുകളിൽ പറഞ്ഞ കാര്യങ്ങളോട് ചേർത്ത് വിലയിരുത്തുക.
- ഈ അഞ്ച് മെത്രാന്മാരും രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങിയല്ലെ മെത്രാൻ സ്ഥാനം ഏറ്റത്. അതിൻ്റെ അർത്ഥ തലങ്ങളെക്കുറിച്ച് അവർ എന്നെങ്കിലും ധ്യാനിച്ചിട്ടുണ്ടോ ? മെത്രാൻ സ്ഥാനത്തിൻ്റെ സാർവ്വത്രികമാനവും മെത്രാൻ പദവിയുടെ Collegiality യും അവർക്ക് ധാരണയുണ്ടോ ? തങ്ങളുടെ മെത്രാൻ പദവിയും അതിൻ്റെ ശ്രേഷ്ഠതയും എറണാകുളത്തെ പ്രാദേശിക താത്പര്യങ്ങൾക്കും ഉപരിയാണ് എന്ന് എന്തേ ഇവർ തിരിച്ചറിയാത്തത് ?
- മെത്രാൻ സ്ഥാനമേറ്റെടുത്തപ്പോൾ ഇവർ നടത്തിയ വിശ്വാസപ്രഖ്യാപനത്തെക്കുറിച്ച് എന്തെങ്കിലും ബോധ്യം ഇവർക്കുണ്ടോ ? സഭ ഔദ്യോഗികമായി തീർപ്പ് കൽപ്പിച്ച ഒരു കാര്യം നടപ്പിൽ വരുത്താൻ ഇവർ തടസ്സവാദം ഉന്നയിക്കുമ്പോൾ തങ്ങൾ നടത്തിയ വിശ്വാസപ്രഖ്യാപനത്തെ തള്ളിപ്പറയുകയല്ലെ ചെയ്യുന്നത്. മാർപാപ്പായോടും മേജർ ആർച്ച്ബിഷപ്പിനോടുമുള്ള വിധേയത്വം സിനഡിൻ്റെ കൂട്ടുത്തരവാദിത്വത്തോട് ചേർന്നാണ് എന്ന് ഇവർ എന്തേ മനസ്സിലാക്കുന്നില്ല..? ഇവർ കൂടി അംഗങ്ങളായിരിക്കുന്ന സിനഡിനോടും സിനഡ് തീരുമാനങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്വമുള്ള മേജർ ആർച്ച്ബിഷപ്പിനോടും സിനഡ് തീരുമാനം എത്രയും പെട്ടെന്ന് അംഗീകരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട മാർപാപ്പായോടുമുള്ള അവിശ്വാസപ്രഖ്യാപനം തന്നെയല്ലെ പ്രസ്തുത കത്ത് ? ഇക്കാരണത്താൽ ഈ അഞ്ച് മെത്രാന്മാർ തങ്ങളുടെ സ്ഥാനത്ത് തുടരാൻ അർഹരാണോ ?
- കർത്താവിൻ്റെ ജനത്തെ ശ്രദ്ധയോടെ നയിക്കേണ്ടവർ, ആരെയോ, എന്തിനെയോ ഭയപ്പെട്ട് ജനത്തെ ശത്രുവിൻ്റെ കെണിയിലേക്ക് ഓടിച്ചു കയറ്റുന്ന കാഴ്ചയ്ക്ക് ഉദാഹരണമാണ് ഈ കത്ത്.
പലരാലും വിവിധ സാഹചര്യങ്ങളാലും വഴി തെറ്റിയ ധാരാളം വൈദികരും ഒരു കൂട്ടം വിശ്വാസികളും എറണാകുളം – അങ്കമാലി രൂപതയിൽ ഉണ്ട് എന്ന് വ്യക്തമാണ്. എന്നാൽ അവരെ നേർവഴിക്ക് നയിക്കേണ്ട ഈ പഞ്ച മെത്രാൻമാർത്തന്നെ തെറ്റായ വഴിയിലൂടെ അവരെ നയിക്കുന്നത് കാണുമ്പോൾ സങ്കടം.
എല്ലാവരെയും സത്യപ്രബോധനത്തിലേക്ക് തിരിക്കാൻ വിളിക്കപ്പെട്ട ഈ മെത്രാന്മാർക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലും സത്യവിശ്വാസം പഠിപ്പിക്കാൻ സാധിച്ചില്ല എന്ന കുറ്റ സമ്മതവും പ്രസ്തുത കത്തിലുണ്ട്. നിങ്ങൾ എന്താണ് ഇത്രയും നാൾ പൗരോഹിത്യ, മെത്രാൻ ശുശ്രൂഷ കാലയളവിൽ ചെയ്തത്. ഒരു വിശാസിയെ എങ്കിലും മുന്നിൽ നിന്ന് നയിക്കാനോ, നേർവഴിയിലേക്ക് ആനയിക്കാനോ, സത്യപ്രബോധനത്തിലേക്ക് തിരിക്കാനോ സാധിക്കാത്ത നിങ്ങൾ പിതാക്കന്മാർ എന്ന വിളിക്ക് അർഹരാണോ ?
അവസാനമായി സീറോ മലബാർ സിനഡ് പിതാക്കന്മാരോട് ചില കാര്യങ്ങൾ.
പഞ്ച മെത്രാന്മാരുടെ കത്ത് ഒരു സൂചനയാണ്. ഇതു പോലെ മെത്രാൻ സ്ഥാനത്തോട് നീതി പുലർത്താത്ത മെത്രാന്മാർ നിങ്ങളുടെ അടുത്തും ഒപ്പവും ചുറ്റും ഉണ്ട്. തിരിച്ചറിഞ്ഞാൽ നല്ലത്. തിരിച്ചറിവുകൾ പ്രവൃത്തിയിലേക്കും നയിക്കണം. എന്നെയോ എൻ്റെ രൂപതെയോ ഇതൊന്നും ബാധിക്കുന്നില്ല എന്ന നിസംഗ്ഗത വെടിഞ്ഞ് സഭ എന്ന് ചിന്തിക്കാൻ ഇനിയും അമാന്തിക്കരുത്. നിങ്ങളുടെ കൂട്ടത്തിലുള്ളവർ , നിങ്ങളോടൊപ്പമുണ്ട് എന്ന് നിങ്ങൾ കരുതുന്നവർ നാളെ അടുത്ത കത്തുമായി വന്ന് സഭയെ അവഹേളിക്കുന്നതിന് മുമ്പ് നടപടി എടുത്താൻ നല്ലത്.
അത് ചെയ്യില്ല എന്നറിയാം. കാരണം, പണ്ട് സഭാതലവനെ തെരുവിൽ തെറി വിളിച്ചപ്പോൾ നിങ്ങൾ മിണ്ടിയില്ല. !
സഭാതലവന്റെയും മാർപാപ്പായുടെ പ്രതിനിധിയുടെയും കോലം കത്തിച്ചപ്പോൾ നിങ്ങൾ അനങ്ങിയില്ല !
വ്യാജരേഖ ചമച്ചപ്പോൾ നിങ്ങൾ നിശബ്ദരായി. !
അഡ്മിനിസ്ട്രേറ്ററെ ളോഹ ധാരികൾ തെറി വിളിച്ചപ്പോൾ നിങ്ങൾ ഉറക്കം നടിച്ചു . !
അവസാനം റിലേ കുർബാനയും സാത്താൻ ആരാധനയും നടന്നപ്പോഴും നിങ്ങൾ മൗനത്തിലാണ്ടു. !
വിവാദ കത്തെഴുതിയ മെത്രാന്മാരിൽ ഒരാൾ “എറു പട്ടം ” (കൈവയ്പ്പില്ലാത്ത പട്ടം ) നൽകിയപ്പോഴും നിങ്ങൾ അതൊന്നും അറിഞ്ഞില്ല എന്ന് നടിച്ചു. ഇപ്പോൾ പഞ്ച മെത്രാന്മാരുടെ കത്ത് പുറത്ത് വന്നപ്പോഴും നിങ്ങൾ പതിവ് നിസ്സംഗതയിലാണ് . എന്നാൽ ഇതെല്ലാം അനുഭവിക്കുന്ന ദൈവജനത്തിൻ്റെ കണ്ണീര് കണ്ടില്ല എന്ന് നടിക്കാൻ കർത്താവിനാവില്ല എന്നോർത്താൽ അത്രയും നല്ലത്..
