ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
സിനഡ് ഓൺലൈനിൽ അടിയന്തരയോഗം കൂടി ഇപ്പോൾ നടപടിയെടുക്കേണ്ടത് എറണാകുളത്തെ വിഘടിച്ചു നില്ക്കുന്ന വൈദികർക്കെതിരേയല്ല. അതിനുമുമ്പ് താഴെ നല്കിയിരിക്കുന്ന കത്ത് (വ്യാജമല്ലെങ്കിൽ) മേജർ ആർച്ചുബിഷപ്പിനു നല്കിയ അഞ്ചു മെത്രാന്മാരെ എത്രയുംപെട്ടെന്ന് സിനഡിൽനിന്നു പുറത്താക്കാനുള്ള നടപടികളിലേയ്ക്കു കടക്കുകയാണ് വേണ്ടത്.
എറണാകുളത്തെ കുറേ അച്ചന്മാരും സഭയുടെയും വിശുദ്ധ കുർബാനയുടെയും അടിസ്ഥാനമെന്തെന്നുപോലും അറിയില്ലാത്ത കുറേ അല്മായരും ഇത്രയുംനാൾ മാധ്യമങ്ങളിലൂടെ വിളമ്പിക്കൊണ്ടിരുന്ന തെറ്റിധാരണാജനകമായ വിവരണങ്ങൾ എവിടെനിന്നു വരുന്നതാണെന്ന് മെത്രാന്മാരുടെ ഈ കത്ത് വെളിവാക്കുന്നു. സഭയുടെ സത്യവിശ്വാസം കാത്തുസൂക്ഷിക്കാൻ കടപ്പെട്ടിരിക്കുന്ന മെത്രാനാകാനല്ല, ഒരു സാധാരണ അല്മായ വിശ്വാസിയാകാൻപോലും തങ്ങൾക്കു യോഗ്യതയില്ലെന്നു എഴുതി ഒപ്പിട്ടിരിക്കുകയാണ് അഞ്ചു മെത്രാന്മാർ…!
മാർപ്പാപ്പയുടെ വാക്കുകളെപ്പോലും എത്ര ലാഘവത്തോടെയാണ് അവർ വ്യാഖ്യാനിച്ചിരിക്കുന്നത്. വളരെ ലളിതമായി പരിഹരിക്കാവുന്ന വെറുമൊരു റൂബ്രികിന്റെ പേരിലാണത്രേ ഇത്രയും പ്രശ്നങ്ങൾ…
അതുകൊണ്ടുതന്നെ മറഹോൻ ശിക്ഷ നല്കാൻമാത്രം ഗൌരവമുള്ളതല്ലത്രേ ഇപ്പോഴത്തെ പ്രശ്നങ്ങൾ…
ഞങ്ങൾ, എറണാകുളത്തുനിന്നുള്ള മെത്രാന്മാർ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ വേണ്ട ചർച്ചകൾ നടത്താൻ തയ്യാറാണത്രേ…
ഹേ മെത്രാന്മാരേ…നിങ്ങൾ ആരെയാണ് വിഢികളാക്കുന്നത്?
കഴിഞ്ഞ മൂന്നുവർഷങ്ങളായി എറണാകുളത്തിന്റെ പേരിൽ എന്താണു സീറോ മലബാർ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്?
ചർച്ചചെയ്യാത്ത മേഖലകളോ ആളുകളോ ഉണ്ടോ? മാർപ്പാപ്പാ പോലും വളരെ അസാധാരണമായി മൂന്നു പ്രാവശ്യം നിങ്ങളുടെ പ്രശ്നത്തിൽ വ്യക്തിപരമായി ഇടപെട്ടില്ലേ…?
നിങ്ങളീപറയുന്ന വെറുമൊരു റൂബ്രികിന്റെ പേരിലുള്ള പ്രശ്നങ്ങൾ സീറോ മലബാർ സഭയ്ക്കാകമാനവും കേരളകത്തോലിക്കാ സഭയ്ക്കും വരുത്തിയിരിക്കുന്ന വിശ്വാസപരവും അച്ചടക്കപരവുമായ പ്രതിസന്ധികൾ നിങ്ങൾ അറിയുന്നുണ്ടോ…?
എന്നിട്ടിപ്പോൾ പ്രശ്നം സൌമ്യമായി പരിഹരിക്കാൻ എറണാകുളംകാരുമായി ചർച്ചയ്ക്കു തയ്യാറാണെന്ന് പറയാനുള്ള നിങ്ങളുടെ തൊലിക്കട്ടി അപാരംതന്നെ.
1999 ൽ എടുത്ത സിനഡിന്റെ തീരുമാനം സമയമെടുത്തു എല്ലാവരെയും പരിഗണിച്ചു വേണമായിരുന്നത്രെ നടപ്പിലാക്കാൻ. അതായത് വെറുമൊരു റൂബ്രികിന്റെ പേരിൽ എന്ന് നിങ്ങൾതന്നെ എഴുതിയിരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ 24 വർഷങ്ങൾ പോരത്രേ…
1999 ലെ സിനഡുതീരുമാനത്തിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ അന്നു നിങ്ങൾ ഉൾപ്പെടുന്നവർക്ക് ഒഴിവുനല്കിയത് വൈദികരെയും സന്ന്യാസിനികളെയും അല്മായരെയും ബോധവത്ക്കരിച്ച് സിനഡിന്റെ തീരുമാനമനുസരിച്ചുള്ള ഏകീകരണം എത്രയുംപെട്ടെന്ന് വി.കുർബാനയർപ്പണത്തിൽ ഉണ്ടാകണമെന്ന നിർദേശത്തോടെയായിരുന്നുവെന്നത് അന്നത്തെ രേഖകൾ പരിശോധിച്ചാൽ മനസിലാകും. മുകളിൽ നല്കിയിരിക്കുന്ന കത്തിൽ ഒപ്പിട്ടിരിക്കുന്ന ഏതെങ്കിലും ഒരു മെത്രാൻ വിശ്വാസികളെ ബോധവത്ക്കരിക്കുന്നതിനുവേണ്ടി ഒരു വാക്കെങ്കിലും ഈ 24 വർഷങ്ങൾക്കിടയിൽ ഉരിയാടിയിട്ടുണ്ടോ…? എന്നിട്ടും വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലെ സിനഡാത്മകതയെക്കുറിച്ച് വേവലാതിപ്പെടുന്നു… പുച്ഛമാണ് നിങ്ങളോട്.
ഏതായാലും സിനഡിന്റെ സിനഡാത്മകത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന സത്യം നിങ്ങൾ എഴുതി ഒപ്പിട്ടിരിക്കുന്നതിൽ സന്തോഷം. അതിനു കാരണക്കാരായ നിങ്ങൾ അഞ്ചുപേരെ സിനഡിൽനിന്ന് ഒഴിവാക്കാനുള്ള നടപടികളാണ് എറണാകുളം പ്രശ്നം പരിഹരിക്കുന്നതിനുമുമ്പ് സീറോമലബാർ സിനഡ് കൈക്കൊള്ളേണ്ടത്.
ഒന്നുകൂടി പറയട്ടെ, സിനഡിനുശേഷം പ്രസിദ്ധീകരിക്കേണ്ട സർക്കുലർ സിനഡിനുമുമ്പ് പ്രസിദ്ധീകരിക്കാൻ ഇടയാക്കിയ സാഹചര്യം തികച്ചും അനുചിതവും അപലപനീയവുമാണെങ്കിലും പ്രസിദ്ധീകരിച്ചത് സിനഡിന്റെ തീരുമാനമല്ലാത്തതിനാൽ അതിൽ സാങ്കേതികപ്രശ്നമൊന്നുമില്ലെന്ന് അതിനെ വലിയ പ്രശ്നമായി അവതരിപ്പിച്ചിരിക്കുന്ന ഈ മെത്രാന്മാർക്കും സാമാന്യബോധമുള്ളവർക്കും മനസിലാകും.
മെത്രാൻ സത്യവിശ്വാസിയും സത്യവിശ്വാസസംരക്ഷകനും സത്യവിശ്വാസം പ്രഘോഷിക്കുന്നയാളുമാകേണ്ടതാണ്. ഒരർത്ഥത്തിൽ, സഭാകൂട്ടായ്മ അടിസ്ഥാനമിടേണ്ട അച്ചുതണ്ടാണ് മെത്രാൻ. മെത്രാന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ അടിസ്ഥാനമായ വിശുദ്ധ കുർബാന പരികർമ്മം ചെയ്യപ്പെടുന്നത്. മെത്രാനിലൂടെയാണ് ശ്ലൈഹിക കൂട്ടായ്മയിലേയ്ക്കു സഭ പ്രവേശിക്കുന്നത്. ഇപ്പറഞ്ഞ ഒരു യോഗ്യതയും ഇല്ലെന്നു തെളിയിച്ച ഈ അഞ്ചു മെത്രാന്മാരെ ഇനി മെത്രാന്മാരെന്നു വിളിക്കാൻ സാധിക്കില്ല…
