ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത
2024 ജൂലൈ 3 നുള്ളിൽ ഏകീകൃത ബലിയർപ്പണ രീതി എറണാകുളം- അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാനുള്ള സർക്കുലർ മേജർആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റും പുറപ്പെടുവിച്ചിരിക്കുകയാല്ലോ. ഈ പശ്ചാത്തലത്തിൽ ഈയടുത്ത ദിവസം ഫേസ്ബുക്കിൽ കണ്ട ഒരു വൈദികന്റെ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് ഇപ്രകാരമാണ്: “2000 ജൂലൈ 3 ന് നടപ്പാക്കാൻ സിനഡ് എടുത്ത തീരുമാനം പ്രാവർത്തികമാകാൻ 2024 ജൂലൈ 3 വരെ പരിശ്രമിക്കേണ്ടി വന്നു. നീണ്ട ഇരുപത്തിനാല് വർഷങ്ങൾ. സഭയുടെ പ്രവർത്തനങ്ങളുടെ പോരായ്മയാണിത് എന്ന് തോന്നുന്നില്ല. തന്റെ ആടുകൾ വഴിതെറ്റിപ്പോകാതെ, അഥവാ വഴിതെറ്റിപ്പോയാലും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ആ നല്ലിടയന്റെ സ്വഭാവമാണിത്. സഭയിലെ യഥാർത്ഥ തിരുത്തൽ ശക്തി മാനുഷിക ശക്തികളല്ല. അത് അവളിൽ നിറയുന്ന ദൈവാത്മാവിന്റെ ശക്തിയാണ് “. സഭ കേഡർ ശൈലിയിലുള്ള ഒരു സംവിധാനമല്ലെന്നും സഭയിലെ തീരുമാനങ്ങൾ കേവലം മാനുഷിക കാഴ്ചപ്പാടനുസരിച്ചല്ല മുമ്പോട്ട് നീങ്ങുന്നതെന്നുമാണല്ലോ അദ്ദേഹം പറഞ്ഞു വെയ്ക്കുന്നത്.
വീണ്ടും ഒരു ജൂലൈ 3 സീറോ മലബാർ സഭയിലേക്ക് കടന്നുവരികയാണ്. സഭയുടെ ഐക്യം ലക്ഷ്യമാക്കി സീറോ മലബാർ സിനഡ് വർഷങ്ങൾക്കു മുമ്പ് 2000 ജൂലൈ മൂന്നിന് വിശുദ്ധ കുർബാനയുടെ ഏകീകൃത രൂപം എല്ലാ രൂപതകളിലും നടപ്പിലാക്കണമെന്നായിരുന്നല്ലോ ആവശ്യപ്പെട്ടിരുന്നത്. പലവിധ കാരണങ്ങളാൽ അന്നത് നടന്നില്ല. 21 വർഷങ്ങൾക്ക് ശേഷം 2021 നവംബർ 28 മുതൽ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും ഏകീകൃത വിശുദ്ധകുർബാനയർപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 2021ആഗസ്റ്റ് 27ന് അന്നത്തെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ഇപ്രകാരം പറയുന്നു: “ആരാധനാക്രമത്തിലെ ഐക്യമാണ് സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനം. സഭയിൽ ഏതെങ്കിലും ഒരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി ഈ തീരുമാനത്തെ ആരും വിലയിരുത്തരുത്. ഭിന്നതയുടെ മതിലുകൾ തകർക്കുന്ന ദൈവാരൂപയുടെ പ്രവർത്തനത്തിനായി നമുക്ക് സഭയെ സമർപ്പിക്കാം”.
പുതിയ സർക്കുലർ വന്നതിനുശേഷവും അതിനെ ചില സ്ഥലങ്ങളിൽ നിന്ന് ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും നിർഭാഗ്യകരമാണ്. വാസ്തവത്തിൽ ഏകീകൃത കുർബാനയ്ക്കു വേണ്ടി തീരുമാനമെടുത്ത 1999 ലെ സിനഡ് മുതലിങ്ങോട്ട് നീണ്ട 24 വർഷക്കാലവും സഭ സിനഡാലിറ്റിയുടെ (Synodality)വഴി തന്നെയാണ് സ്വീകരിച്ചത്. സഭയോടൊത്ത് ചിന്തിക്കാനും സഞ്ചരിക്കാനുമാണ് സിനഡാലിറ്റി നമ്മെ സഹായിക്കേണ്ടത്. അല്ലെങ്കിൽ സഭ കേവലം ഒരു ക്ലബ്ബ് പോലെയോ രാഷ്ട്രീയ പ്രസ്ഥാനം പോലെയോ ആയിത്തീരും!
മേജർ ആർച്ച് ബിഷപ്പിന്റെ പുതിയ സർക്കുലറിനെ വെല്ലുവിളിച്ചുകൊണ്ട് ഏതാനും വൈദികർ ഇക്കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ വാർത്താസമ്മേളനത്തിൽ പതിവ് പല്ലവി തന്നെയാണ് ആവർത്തിക്കുന്നത്.
” എറണാകുളം അതിരൂപതയ്ക്ക് ജനാഭിമുഖ കുർബാന മാത്രം” എന്ന കാര്യമാണ് അവർ ആവർത്തിക്കുന്നത്. ഒരു ആരാധനാരീതിയെ തങ്ങളുടെ സ്വത്വം (identity) ആയി അവതരിപ്പിക്കാനുള്ള ഇത്തരം സമീപനം അപഹാസ്യമാണ്. ഇവർ തങ്ങളുടെ പൈതൃകമായി കാണുന്ന ഈ ജനാഭിമുഖ രീതി എന്നത് 1920കളിൽ പാശ്ചാത്യ രാജ്യങ്ങളിൽ പരീക്ഷണാർത്ഥം നടപ്പിലാക്കപ്പെട്ട ഒരു രീതിയാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ലത്തീൻ സഭയിൽ പ്രചുരപ്രചാരത്തിലായ ഈ രീതിയെ അനുകരിച്ചു കൊണ്ടാണ് 1970 കളിൽ സീറോ മലബാർ സഭയിലെ ചില വൈദിക മേലധ്യക്ഷന്മാർ തങ്ങളുടെ രൂപതകളിൽ സ്വന്തം ഇഷ്ടപ്രകാരം ജനാഭിമുഖരീതി ആരംഭിച്ചത്. ഈ ചരിത്രപശ്ചാത്തലം തീർച്ചയായും ഇന്നത്തെ ദൈവജനം മനസ്സിലാക്കണം. അതിനാൽ, ‘രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യം’ എന്ന് ജനാഭിമുഖ കുർബാനയെ വിശേഷിപ്പിക്കുന്നത് തീർത്തും യുക്തിരഹിതമാണ്. കാരണം, കൗൺസിൽ രേഖകളിലും തീരുമാനങ്ങളിലും എവിടെയും ജനാഭിമുഖരീതിയെക്കുറിച്ച് പറയുന്നില്ല. അതിനാൽ, ‘ജനാഭിമുഖ രീതി’ എന്നത് തങ്ങളുടെ സ്വത്വം ആയി അവതരിപ്പിക്കാനുള്ള ചില വൈദികരുടെ ശ്രമങ്ങൾ ബാലിശമാണ്.
സീറോ മലബാർ സഭയുടെ സിനഡ് വർഷങ്ങൾക്കു മുമ്പെടുത്തതും ഇന്നും ആവർത്തിക്കുന്നതുമായ “വിശുദ്ധകുർബാന ഏകീകൃത രീതിയിൽ അർപ്പിക്കണം”എന്ന ഈ തീരുമാനം ആരെയും തോൽപ്പിക്കാനോ ജയിപ്പിക്കാനോ അല്ല. വിവിധ രൂപതകളിൽ ഭിന്നമായ രീതിയിൽ ആരാധനക്രമം പരികർമ്മം ചെയ്യുന്ന ഒരു സഭയാകരുത് സീറോ മലബാർ സഭ എന്നതുകൊണ്ടാണിത്. അൾത്താരയിലെ ഐക്യമാണ് ഇവിടെ പ്രധാനപ്പെട്ടത്. “അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം സാധ്യമല്ല” എന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദർശനത്തോട് ചേർന്ന് നിൽക്കുകയാണ് സിനഡ് ചെയ്യുന്നത്.
തങ്ങൾ കുർബാന തക്സ(text)അംഗീകരിക്കുന്നുണ്ട്, എന്നാൽ ചില അനുഷ്ഠാന വിധികൾ (rubrics) അംഗീകരിക്കുന്നില്ല എന്നു ചിലർ പറയുന്നതും പൊള്ളയും ദുർബലവുമായ വാദഗതിയാണ്. തങ്ങൾ അൾത്താരയിലേക്ക് തിരിയുന്നതിനെ അംഗീകരിക്കുന്നില്ല എന്ന് വാദിക്കുന്നവർ വിശുദ്ധ കുർബാനയുടെ പ്രതീകാത്മകതയെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നുതന്നെയാണ് പറയുന്നത്. ശരീരത്തിന്റെയും എല്ലാ സൃഷ്ടികളുടെയും പ്രതീകാത്മകമൂല്യം മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ ആരാധനക്രമത്തിലെ പ്രതീകാത്മക ഭാഷ ആധുനിക മനസ്സിന് അപ്രാപ്യമാകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ “ഞാൻ അത്യധികം ആഗ്രഹിച്ചു” എന്ന തന്റെ അപ്പസ്തോലിക ലേഖനത്തിൽ പറയുന്നുണ്ട് (No. 44). ആരാധനക്രമത്തിൽ ഓരോ വശവും ശ്രദ്ധിക്കപ്പെടുകയും (സ്ഥലം, കാലം, ആംഗ്യങ്ങൾ, വസ്തുക്കൾ,തിരു വസ്ത്രങ്ങൾ, സംഗീതം) ഓരോ നിർദ്ദേശവും പാലിക്കപ്പെടുകയും വേണമെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു.അതായത്, “സഭ നിർദേശിച്ചിട്ടുള്ള ക്രമങ്ങൾ പ്രകാരം പെസഹാ രഹസ്യം ആചരിക്കപ്പെടേണ്ടതാണ്”
(No.23).
തങ്ങളുടെ യുക്തിരഹിതമായ വാദഗതികൾ കൊണ്ട് ചിലർ പ്രാദേശികവാദത്തിലേക്ക് സീറോ മലബാർ സഭയെ കൊണ്ടുചെന്നെത്തിക്കുന്നത് ഏറെ വേദനാകരമാണ്. സ്വന്തം അതിരൂപതയെ പ്രാദേശിക വാദമുയർത്തി മഹത്വവൽക്കരിക്കുന്നവർ മനസ്സിലാക്കേണ്ട യാഥാർത്ഥ്യം 1599 ലെ ഉദയംപേരൂർ സുനഹദോസിനു ശേഷം മൂന്നു നൂറ്റാണ്ടോളം ലത്തീൻ മിഷനറിമാരുടെ ആധിപത്യത്തിൻ കീഴിലായിരുന്ന സുറിയാനിക്കാരെ വേർപെടുത്തി 1887ലാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ അവർക്കായി തൃശ്ശൂർ, കോട്ടയം എന്നീ വികാരിയാത്തുകൾ സ്ഥാപിക്കുന്നതെന്നാണ് . പിന്നീട് 1896 ലാണ് ഇവയെ പുന:ക്രമീകരിച്ചുകൊണ്ട് തൃശൂർ,എറണാകുളം, ചങ്ങനാശ്ശേരി എന്നീ മൂന്നു വികാരിയാത്തുകൾ നിലവിൽ വരുന്നത്. ഈ ചരിത്ര സത്യങ്ങൾ ആർക്കും നിഷേധിക്കാൻ സാധിക്കുകയില്ല. തങ്ങളുടെ അതിരൂപതയുടെ ചില പ്രത്യേകതകൾക്കു വേണ്ടി അവകാശവാദം ഉന്നയിക്കുന്നവർ ഈ ചരിത്ര സത്യങ്ങൾ കാണാതിരിക്കരുത്.
“ഐക്യത്തിന്റെ കൂദാശ” എന്നാണ് വിശുദ്ധ കുർബാന വിളിക്കപ്പെടുന്നത്. “ബലിപീഠത്തിലെ ഐക്യം” സാധ്യമാക്കാൻ വേണ്ടി സീറോ മലബാർ സിനഡ് 2021ൽ എടുത്ത സുപ്രധാനമായ തീരുമാനത്തെ കേവലം ആനുഷംഗികവും സ്വാർത്ഥപരവുമായ വാദങ്ങൾ മൂലം ചിലർ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് ഇന്നത്തെ തലമുറയോടും വരും തലമുറയോടും ചെയ്യുന്ന അപരാധമായിരിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ഇവിടെ സ്മരണീയമാണ്: “ദൈവത്തിന്റെയോ നമ്മുടെ സഹോദരങ്ങളുടെയോ മുമ്പിൽ വമ്പു പറയാവുന്ന നമ്മുടെ സ്വന്തം നേട്ടമല്ല ദിവ്യബലിയിൽ പങ്കുചേരുക എന്നത്….. ആരാധനക്രമം കർത്താവിന്റെ പെസഹാ രഹസ്യത്തിന്റെ സമ്മാനമാണ്. വിനയത്തോടും അനുസരണയോടും നാമത് സ്വീകരിക്കുമ്പോൾ അത് നമ്മുടെ ജീവിതം നവമാക്കി മാറ്റുന്നു” (ഞാൻ അത്യധികം ആഗ്രഹിച്ചു, No. 20).
