ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
കഴിഞ്ഞദിവസം സോഷ്യൽമീഡിയായിൽ കണ്ട ഒരു വാർത്തയിൽ ഏതാനും വിശ്വാസികൾ സിനഡുകുർബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊരിവെയിലത്ത് എറണാകുളം രൂപതാകേന്ദ്രത്തിനു മുമ്പിൽ സമരം ചെയ്യുന്നത് കാണുകയുണ്ടായി. കഴിഞ്ഞ കുറേ മാസങ്ങളായി ഇങ്ങനെ സിനഡുകുർബാനയ്ക്കു അനുകൂലമായും പ്രതികൂലമായും സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും മാർപ്പാപ്പയുടെ അന്ത്യശാസനത്തിനും സിനഡുപിതാക്കന്മാരെല്ലാവരും ഒപ്പിട്ടു നല്കിയ ആഹ്വാനത്തിനും ശേഷംകണ്ട ഈ സമരം വളരെ ഗൌരവമായ ചില ചിന്തകളിലേയ്ക്കു നയിച്ചതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.
സഭയുടെ വിശുദ്ധ കുർബാനയെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം ചെയ്യുന്നവരുടെ ധാർമ്മികതയെക്കുറിച്ച് വിശകലനംചെയ്യാനല്ല ഈ കുറിപ്പ്. മറിച്ച് സഭയുടെ അടിത്തറയെത്തന്നെ ഇളക്കുന്ന വിധത്തിലുള്ള ചില അപചയങ്ങൾ നിർബാധം സഭയിൽ തുടർന്നിട്ടും അതിനെക്കുറിച്ച് അല്പംപോലും ആശങ്കപ്പെടാതെ അതു തുടരാൻ അനുവദിക്കുന്ന സഭയുടെ അധികാരികളുടെ നിസംഗതനിറഞ്ഞ മൌനത്തെക്കുറിച്ചു സൂചിപ്പിക്കാനാണ്. സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ വി.കുർബാനയർപ്പണം നിയമവിരുദ്ധമാണെന്ന് (Illicit) സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷമാകുന്നു. എന്നാൽ സഭയെ പടുത്തുയർത്തുന്ന വിശുദ്ധ കുർബാനയുടെ നിയമവിരുദ്ധമായ അർപ്പണം അന്നും ഇന്നും ഇടതടവില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു. സത്യവിശ്വാസത്തിന്റെയും വിശുദ്ധ കൂദാശകളുടെയും കാര്യസ്ഥന്മാരും കാവൽക്കാരുമായ മെത്രാന്മാർ അതു തടയാൻ യാതൊരു നടപടിയും സ്വീകരിക്കാതെ നിസംഗരായും തുടരുന്നു!!!
സമരത്തിന്റെ ഭാഗമായി, ഒരിടത്തും കേട്ടുകേൾവിപോലുമില്ലാത്ത തരത്തിൽ ഏറ്റവും അവഹേളനപരമായി അവിശുദ്ധമായും അനുചിതമായും കുർബാനയർപ്പണസമരം നടത്തിയ വൈദികർക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരിൽ പരിശുദ്ധ പിതാവിന്റെ ശാസന കേൾക്കേണ്ടിവന്നെന്ന് പരിതപിച്ചത് അപ്പസ്തോലിക് അഡ്മിനിസ്റ്റ്രേറ്ററാണ്!! അന്ന് വിശുദ്ധ കുർബാനയെ അത്രയധികം അധിക്ഷേപിച്ച വൈദികർ, അവരുടെപോലും പ്രതീക്ഷകൾക്കു വിപരീതമായി ഇപ്പോഴും സഭയിലെ വൈദികരായി തുടരുന്നു!! അവർക്കെതിരെ നടപടിയെടുത്തിരുന്നെങ്കിൽ അന്നു സഭയിൽ വലിയ പിളർപ്പും നഷ്ടങ്ങളുമുണ്ടാകുമായിരുന്നുവെന്ന ഭയമാണ് നടപടി സ്വീകരിക്കുന്നതിൽനിന്ന് തന്നെ തടഞ്ഞതെന്ന് അഭി. താഴത്തുപിതാവ് അഭിമുഖത്തിൽ പറയുന്നത് ശ്രദ്ധിച്ചു. അതൊരു യാഥാർത്ഥ്യവുമായിരുന്നിരിക്കാം.
എന്നാൽ സഭയിൽ പിളർപ്പും അതുവഴി വലിയ നഷ്ടങ്ങളുമുണ്ടാകുമെന്ന് ഭയപ്പെടുന്ന അഭിവന്ദ്യ പിതാക്കാന്മാരുടെ ശ്രദ്ധ പതിയാത്ത ചില മേഖലകളുണ്ട്. ഒരുപക്ഷെ അച്ചടക്ക നടപടികളുടെ പേരിൽ ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കാൾ എത്രയോ മടങ്ങു നഷ്ടമാണ് അധികാരികൾ വേണ്ടസമയത്തു നടപടികൾ സ്വീകരിക്കാത്തതുമൂലം സഭയിലാകമാനം ഉണ്ടായിരിക്കുന്നതെന്ന് നിങ്ങൾ തിരിച്ചറിയുന്നില്ലായിരിക്കും. വിശ്വാസികളുടെ കൂദാശകളോടുള്ള കാഴ്ചപ്പാടിൽ അതെന്തുമാത്രം ന്യൂനത വരുത്തിയിട്ടുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? കൂദാശകളുടെ ആചരണത്തിലും പള്ളിയിലെ പെരുമാറ്റങ്ങളിലും ഇത്രയും ശോഭകേട് കാണിച്ചിട്ടും അച്ചടക്ക നടപടി സ്വീകരിക്കേണ്ടവർ പലകാരണങ്ങളുടെയും ഭയങ്ങളുടെയുംപേരിൽ നിശബ്ദരാകുമ്പോൾ അതു വിശ്വാസികൾക്കു നല്കുന്ന സന്ദേശമെന്തെന്നെങ്കിലും ചിന്തിക്കാൻ നിങ്ങൾക്കു കഴിഞ്ഞിരുന്നെങ്കിൽ… പൌരോഹിത്യത്തെ ഇപ്പോഴും വിശ്വാസികൾ വിലമതിക്കുന്നുണ്ടെങ്കിൽ അതവരുടെ കാർന്നോന്മാരു ചെയ്ത പുണ്യംമാത്രമെന്ന് കരുതാം.
ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി നിന്നാൽ നമ്മളെ ആരും ഒന്നും ചെയ്യില്ലെന്ന ഉറപ്പുകൊടുത്ത് വിഭാഗിയതയുടെ തലവനായ സാത്താന്റെ ഏജന്റായി പ്രവർത്തിക്കുന്നത് നിങ്ങളിൽപെട്ട ആരെങ്കിലുമാണെങ്കിൽ അവരെ ഒറ്റപ്പെടുത്തി നിലയ്ക്കുനിറുത്താൻ ആദ്യം നിങ്ങൾക്കു കഴിയണം. എല്ലാവരുടെയും മുഖപ്രീതി നേടുകയല്ല, സഭയുടെ വിശ്വാസവും അനുഷ്ഠാനങ്ങളും സംരക്ഷിക്കുകയെന്നതാണ് നിങ്ങളുടെ ദൌത്യമെന്ന് മറക്കാതിരിക്കണം. അല്ലെങ്കിൽ നിങ്ങളെ സഭയുടെ തലവന്മാരായി അംഗീകരിക്കാൻ വിശ്വാസികൾ ഇനിയും മടിക്കും.
സഭയെന്നാൽ കെട്ടിടങ്ങളും പ്രസ്ഥാനങ്ങളുമാണെന്ന ചിന്ത ഇനിയെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ വെടിയണം. സഭയിലെ കുറേ പ്രസ്ഥാനങ്ങളോ സമ്പത്തോ കെട്ടിടങ്ങളോ, അനുസരണവും വിശ്വാസവുമില്ലാതെ പ്രവർത്തിക്കുന്ന കുറേ വൈദികരോ അവരെ പിന്താങ്ങി നടക്കുന്ന കുറേ ആളുകളൊ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്നതിലുമധികമാണ് ഇതിനോടകം സഭയിൽ ആകമാനമുണ്ടായിരിക്കുന്ന നഷ്ടമെന്ന തിരിച്ചറിവ് ആരാണ് നിങ്ങൾക്ക് നല്കേണ്ടത്…? സഭയുടെ ചരിത്രത്തിൽ ഇതിലും എത്രയോ വലിയ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെയൊക്കെ സഭ അതിജീവിച്ചത് സൽപേരിനേക്കാളും സ്ഥാനമാനങ്ങളെക്കാളും വ്യക്തിതാല്പര്യങ്ങളെക്കാളും, സഭയ്ക്കും സഭയുടെ വിശ്വാസത്തിനും അച്ചടക്കത്തിനും പ്രാധാന്യം കൊടുത്തിരുന്ന പിതാക്കന്മാർ സഭയെ നയിച്ചിരുന്നതുകൊണ്ടാണ്.
സിനഡുപിതാക്കന്മാരുടെ നിസംഗതയുടെ അന്യായമനുഭവിക്കുന്ന കുറേയേറെ വിശ്വാസികൾ എറണാകുളത്തുണ്ട്. സഭയോടുചേർന്നു നില്ക്കുന്നു എന്ന ഒറ്റക്കാരണത്താൽ കുടുംബത്തിൽപ്പോലും വലിയ പ്രതിസന്ധിയിൽപെട്ടവർ.. സഭയോടും പിതാക്കന്മാരോടും ചേർന്നു നിന്നതുകൊണ്ടുമാത്രം അവർ അനുഭവിക്കുന്ന അന്യായത്തിന് യഥാർത്ഥത്തിൽ സഭാധികാരികൾതന്നെയല്ലേ ഉത്തരവാദികൾ…? അവരെപ്രതിയെങ്കിലും ചെയ്യേണ്ട കടമകൾ മറക്കാതിരിക്കാം.
ഇതോടുചേർന്നു പോകുന്ന മറ്റൊരു വിഷയംകൂടിയുണ്ട്. കുറച്ചുനാളുകൾക്കുമുമ്പ് ഒരു മെത്രാൻ അനുചിതമായ രീതിയിൽ പരികർമ്മംചെയ്ത പട്ടക്രമത്തിന്റെ സാധുതയെക്കുറിച്ച് സോഷ്യൽമീഡിയായിൽ വലിയ ചർച്ച നടന്നിരുന്നു. കൂദാശകളുടെ സാധുവായ പരികർമ്മത്തിനുവേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം റോമിൽനിന്ന് ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. ആ രേഖയനുസരിച്ചും കൈവയ്പ്പ് ഉൾപ്പെടെ കൂദാശയുടെ പരികർമ്മത്തിന് ആവശ്യമായ കാര്യങ്ങളിൽ കുറവുണ്ടായാൽ ആ കൂദാശയുടെ പരികർമ്മം അസാധുവാകുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ അന്നു പട്ടം സ്വീകരിച്ച അച്ചന്മാരുടെ അവസ്ഥയെന്താണ്…? അവർ പരികർമ്മം ചെയ്യുന്ന കൂദാശകളുടെയും അതു സ്വീകരിക്കുന്നവരുടെയും അവസ്ഥയെന്താണ്…? സോഷ്യൽ മീഡിയായിലൂടെ എല്ലാ വിശ്വാസികളുടെയും ശ്രദ്ധയിൽപ്പെട്ട ഈ ഗൌരവമായ വിഷയത്തെക്കുറിച്ച് അധികാരികളുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണറിയുന്നത്. മറ്റേതോ സഭയിൽ, താൻ സ്വീകരിച്ച മാമ്മോദീസാ സാധുവല്ലായിരുന്നെന്ന് തിരിച്ചറിഞ്ഞ ഒരു വൈദികൻ എല്ലാ കൂദാശകളും വീണ്ടും സ്വീകരിക്കുകയും താൻ പരികർമ്മംചെയ്ത വിവാഹങ്ങൾ ഉൾപ്പെടെയുള്ള കൂദാശകൾ വീണ്ടും പരികർമ്മം ചെയ്യേണ്ടി വരികയും ചെയ്തെന്ന് എവിടെയോ വായിച്ചതോർക്കുന്നു. സത്യവിശ്വാസത്തിന്റെ സംരക്ഷകരായിരിക്കേണ്ട മെത്രാന്മാർ ഇക്കാര്യങ്ങൾക്കൊക്കെ എത്രമാത്രം ഗൌരവംകൊടുക്കുന്നുണ്ടെന്നു വിശ്വാസികൾ സംശയിച്ചാൽ അതവരുടെ അപരാധമാകുമോ…?
പണ്ടുമുതൽ കേട്ടുകൊണ്ടിരിക്കുന്ന ആ വെള്ളരിക്കാപ്പട്ടണം സീറോമലബാർ സഭയാണെന്ന് മറ്റുള്ളവർ പറയാൻ ഇടവരുത്താതിരിക്കാൻ ഇനിയെങ്കിലും അധികാരികൾക്കു കഴിഞ്ഞിരുന്നെങ്കിൽ…
