ഫാ. വർഗീസ് വള്ളിക്കാട്ട്
കുർബാന കുർബാനയാകണമെങ്കിൽ ജനാഭിമുഖമാകണം! എറണാകുളം അതിരൂപതയിലെ അച്ചന്മാരെ കുറ്റം പറയുന്നവർ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കണം. മലബാർ സഭയിലെ സാധാരണ വൈദികർ ചൊല്ലുന്ന കുർബാന, സഭയിലെ ചില മെത്രാന്മാരും ഓറിയന്റൽ കോൺഗ്രിഗേഷനും മാർപാപ്പയും ചേർന്നു തയ്യാറാക്കിയ ഒരു അനുഷ്ഠാനം മാത്രമാണ്. അതു ചൊല്ലുന്നവർക്ക് എങ്ങോട്ടു വേണമെങ്കിലും തിരിയാവുന്നതേയുള്ളു! പിന്നെ എന്തിനാണ് അവർ അനാവശ്യമായ വാശിയും നിർബന്ധവും വച്ചു പുലർത്തുന്നത്? ‘ജനാഭിമുഖ കുർബാന’യാണ് കത്തോലിക്കാ സഭ അംഗീകരിച്ച യഥാർത്ഥ കുർബാന! അതായത്, മാർപാപ്പ ചൊല്ലുന്ന കുർബാന! അതിനുവേണ്ടി ജീവിക്കാനും വേണ്ടിവന്നാൽ മരിക്കാനും ഞങ്ങൾ തയ്യാറാണ്!
ഇക്കാര്യം മാർപാപ്പയെ ബോധ്യപ്പെടുത്താൻ മെത്രാൻ സിനഡും മുൻ അഡ്മിനിസ്ട്രേറ്ററും പരാജയപ്പെട്ടതാണ്, എറണാകുളം അതിരൂപതയിലെ പ്രതിസന്ധിക്കു കാരണം. സിറിൽ വാസിൽ മെത്രാൻ മനസ്സുവച്ചാൽ, 10 മിനിറ്റുകൊണ്ടു പരിഹരിക്കാവുന്ന വിഷയമേ ഇവിടെയുള്ളു! തുറന്ന മനസ്സോടെ വിഷയങ്ങൾ പഠിക്കാനും ഞങ്ങൾ പറയുന്നതാണ് സത്യമെന്നു സമ്മതിക്കാനും അദ്ദേഹം തയ്യാറായാൽ മാത്രം മതി. ഇക്കാര്യം അദ്ദേഹത്തിനു മാർപാപ്പയെ കൃത്യമായി ധരിപ്പിക്കാവന്നതേയുള്ളു! മാർപാപ്പയുടെ ഭാഗത്തുനിന്നും എന്തെങ്കിലും സഹകരണക്കുറവുണ്ടായാൽ, മാർപാപ്പക്കു കാര്യങ്ങൾ ശരിക്കും മനസ്സിലാകുന്ന സമയം നോക്കി, ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ റോമിൽവരെയൊന്നു പോയാൽ, കണ്ണടച്ചു തുറക്കുമ്പോൾ പ്രശ്നങ്ങൾ തീരും!
ഇത്തരം നിസ്സാര കാര്യങ്ങൾ പോലും ചെയ്യാൻ തയ്യാറാകാത്ത മെത്രാൻ സിനഡും അഡ്മിനിസ്ട്രേറ്ററും യഥാർത്ഥത്തിൽ രാജി വയ്ക്കുകയാണ് വേണ്ടത്…..
(ചുരുക്കിപ്പറഞ്ഞാൽ, ഇതാണ് നയം!)
