ഫാ. വർഗീസ് വള്ളിക്കാട്ട്
സഭയിൽ രമ്യതയും സമാധാനവും കൂട്ടായ്മയും നിലനിർത്തുവാൻ, ഈ അവസാന നിമിഷങ്ങളിലെങ്കിലും നിങ്ങൾ തയ്യാറാകുമോ? ഇത് എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്? എന്താണ് നിങ്ങളുടെ ലക്ഷ്യം? സഭയിൽ കലഹവും ഭിന്നതയും വിതയ്ക്കാൻ ആരാണ് നിങ്ങൾക്കു ധൈര്യം നൽകുന്നത്?
സഭ ഏൽപ്പിച്ചതല്ലാത്ത എന്തുത്തരവാദിത്തമാണ് നിങ്ങൾക്കുള്ളത്? മാർപാപ്പയേയും കത്തോലിക്കാ സഭയേയും ദുർവ്യാഖ്യാനംചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?
‘ബലിവേദിയിലേക്ക്’ ജീവിതം തിരിച്ചു വയ്ക്കുന്നതിനേക്കാൾ, ജനക്കൂട്ടത്തിന്റെ വഴിയേ പോകുന്നതാണ് നല്ലതെന്ന ചിന്ത, ഏതായാലും ദൈവത്തിൽനിന്നുള്ളതായിരിക്കുമോ? സിനഡിനേയും ആഗോള സഭാ സംവിധാനങ്ങളേയും തള്ളി, ‘ഹയരാർക്കിയില്ലാത്ത സഭ’യിൽ ആരോടും ബാധ്യതയില്ലാതെ ജീവിക്കാം എന്നതാണോ പ്രലോഭന ഹേതു? ‘അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം’ എന്നു പഠിപ്പിച്ചവൻ തെറ്റായിരുന്നു എന്നാണോ നിലപാട്?
സത്യത്തിന്റെയും ശരിയുടെയും നീതിയുടേയുമൊക്കെ മാനദണ്ഡം ക്രിസ്തുവും സഭയുമാണോ പഠിപ്പിച്ചു നൽകുന്നത്, അതോ ഇനിമുതൽ നിങ്ങൾ കൂട്ടായി തീരുമാനിക്കുമോ? അതുമല്ലെങ്കിൽ, ഓരോരുത്തരും തീരുമാനിക്കുമോ? ഹയരാർക്കി പാടേ ഉപേക്ഷിക്കുമോ?
1653 ൽ ആലങ്ങാട് പള്ളിയിൽ 12 വൈദികർകൂടി, അവരിൽ ഒരാളുടെ തലയിൽ കൈവച്ചു, ‘മെത്രാപ്പോലീത്ത’യാക്കി വാഴിച്ചതുപോലെ, ഒരാളെ നിങ്ങൾ മെത്രാപ്പോലീത്തയാക്കുമോ? അങ്ങനെ ചെയ്താലും, ‘ഹയരാർക്കി’ വെറും തൊപ്പി വയ്ക്കാനുള്ളതല്ല എന്നോർക്കുന്നത് നല്ലതാണ്! ‘ഹയരാർക്കിയും അധികാരവും ഒക്കെ ഉണ്ടാക്കിയാൽ, അവിടെയും, അധികാര സ്ഥാനങ്ങളും അനുസരണവും മറ്റും ബാധ്യതയാകുകയില്ലേ!
‘ക്രിസ്തുവിന്റെ സഭ’യുടെ അംഗീകൃത സംവിധാനങ്ങളെ തള്ളിപ്പറഞ്ഞു ‘ബദൽ സഭ’യുണ്ടാക്കിയാൽ, അവിടെ കൂടുതൽ സമാധാനവും സന്തോഷവും ഉണ്ടാകുമോ? സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം എന്നർത്ഥമില്ലല്ലോ! സമ്പത്തും ആസ്തികളും സ്ഥാപനങ്ങളുമൊക്കെയാണ് ലക്ഷ്യമെങ്കിൽ, കുറേക്കാലം അതൊക്കെ പിടിച്ചു വയ്ക്കാൻ കഴിഞ്ഞെന്നു വന്നേക്കാം! എന്നാലും എത്രനാൾ?
ഒരുനാൾ, ‘ഈ ധിക്കാരമെല്ലാം എന്തിനായിരുന്നു, ദൈവമേ!’ എന്നു ഹൃദയം മന്ത്രിക്കുമ്പോൾ, മനസ്സിന്റെ സമനില തെറ്റാതിരിക്കാനെങ്കിലും, ‘ദൈവമേ, മാപ്പു നൽകേണമേ’ എന്നു പറയാതെ കടന്നുപോകാൻ കഴിയുമോ സഹോദരങ്ങളേ..?
വൈദികൻ പിഴച്ചാൽ, മാലാഖ പിഴച്ചതുപോലെയാണ്: മാനസാന്തരമുണ്ടാവുക എളുപ്പമല്ല! അതുകൊണ്ട്, സൂക്ഷിക്കണം! ആത്മനാശം ആർക്കും ഉണ്ടാകാതിരിക്കട്ടെ…!
വളരെ പ്രായോഗികമായി പറഞ്ഞതുകൊണ്ട് ആർക്കും പരിഭവം തോന്നരുതേ! സഭാത്മകവും ദൈവശാസ്ത്രപരവും ധാർമികവുമായ നിലപാട്, പരിശുദ്ധ പിതാവുതന്നെ പറഞ്ഞു കഴിഞ്ഞതാണല്ലോ!
‘ഏതെങ്കിലും മരത്തിന്റെ പഴം തിന്നരുതെന്നു ദൈവം പറഞ്ഞിട്ടുണ്ടോ’ ഉണ്ടെങ്കിൽ, ദൈവം പറഞ്ഞതാണ് ‘നുണ’ എന്ന ഉപദേശം കേൾക്കാനാണ് അന്നും ഇന്നും മനുഷ്യനു താല്പര്യം! എങ്കിലും, ‘ദൈവഹിതമാണ്’ മാനദണ്ഡം, സാത്താന്റെ കുതന്ത്രങ്ങളല്ല. ഇതെല്ലാം വിശ്വാസികളെ നാളിതുവരെ പഠിപ്പിച്ചു പോന്നതല്ലേ? അതെല്ലാം, വാശിയുടെയും വൈരാഗ്യത്തിന്റെയും അഹന്തയുടെയും പേരിൽ ഉപേക്ഷിക്കാൻ ആരും മുതിരരുതേ..!
ദൈവഹിതവും സഭയും ക്രിസ്തുവിന്റെ മാതൃകയുമെല്ലാം വിട്ടു ‘ബദൽ’ തേടുന്നവർ, ഇരുട്ടിൽ അവസാനിക്കാൻ ഇടയാകരുത്! ജനത്തെ വഴിതെറ്റിച്ച് ഇരുട്ടിലേക്കു തള്ളി വിടുകയുമരുത്!
ഒരു കാര്യമോർക്കുന്നതു നല്ലതാണ്! യൂദാസിനു തീർച്ചയായും കൂടുതൽ ‘മെച്ചമായ’ ആശയങ്ങളും പദ്ധതികളും ഉണ്ടായിരുന്നു! ഗുരുവിനെ ഒറ്റിക്കൊടുത്തെങ്കിലും, അവൻ പക്ഷേ, ‘ബദൽ സഭ’യുണ്ടാക്കാൻ നിന്നില്ല! ദൈവഹിതം വേറെയാണ് എന്നറിഞ്ഞപ്പോൾ, അത്താഴ മേശയിൽനിന്ന് തന്റെ പങ്കുവാങ്ങി ഇറങ്ങിപ്പോയവൻ, തിരക്കുപിടിച്ചു ജോലി തീർത്തിട്ട്, ഇരുട്ടിലേക്കു തന്നെ പോയി!
നിത്യമായ ഇരുട്ടിലേക്ക് പോകാൻ ആർക്കും ഇടയാകരുത്! അവസാനംവരെ നീട്ടി വയ്ക്കണമെന്നില്ല, പകലുള്ളപ്പോൾ, വെളിച്ചത്തിന്റെതായ തീരുമാനം കൈക്കൊള്ളുക!
അനുരഞ്ജനത്തിന്റെ ആത്മാവ് അനുതാപത്തിലേക്കു വിളിക്കുമ്പോൾ, ചെവി കൊടുക്കുക! ഇതുവരെ നേടിയ നന്മകൾ മറക്കാതിരിക്കുക! നാളെയും ദൈവം നടത്തും എന്നു വിശ്വസിക്കുക! അതൊരു തോൽവിയായി കരുതരുത്!
ലൗകിക ദൃഷ്ടിയിൽ, എല്ലാവരാലും തോൽപിക്കപ്പെട്ട കർത്താവാണ് വിശ്വാസികളുടെ കണ്ണിൽ, ലോകത്തെ ജയിച്ചതും ഉയിർത്തെഴുന്നേറ്റതും, എന്നു മറക്കാതിരിക്കുക! ദൈവത്തിൽ വിശ്വസിക്കുക. കർത്താവിന്റെ സഭയിലും വിശ്വസിക്കുക.
