സീറോ മലബാർസഭയിലെ മെത്രാപ്പോലീത്താമാരുടെയും മെത്രാന്മാരുടെയും അവരെ ശ്രവിക്കുന്ന വിശ്വാസികളുടെയും അറിവിലേയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിൽ നിന്നുള്ള പൊതുഅറിയിപ്പ്.

നസ്രാണി റിസേർച്ച് സെന്ററിൽനിന്ന് സ്നേഹാശംസകൾ.

സീറോ മലബാർ സഭ ദൈവപരിപാലനയുടെ തീക്കനലിലൂടെ യാത്രചെയ്യുന്ന ഈയവസരത്തിൽ സഭയ്ക്കുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുന്നു.

നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിനെ സംബന്ധിച്ച് വളരെ ഗൌരവമുള്ളതെന്നു ഞങ്ങൾക്കു ബോദ്ധ്യമുള്ള ചില കാര്യങ്ങൾ വിശദീകരിക്കുന്നതിനുവേണ്ടിയാണ് ഈ കുറിപ്പ്.

പരിചയമില്ലാത്തവർക്കുവേണ്ടി ഞങ്ങളെത്തന്നെ ഒന്നു പരിചയപ്പെടുത്തട്ടെ. നല്ലതണ്ണിയിലുള്ള നസ്രാണി റിസേർച്ച് സെന്റർ കാഞ്ഞിരപ്പള്ളി രൂപതയുടെ ഒരു ഔദ്യോഗിക സ്ഥാപനമാണ്. രൂപതയിലെ ഏഴു വൈദികരാണ് ആ സ്ഥാപനത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നത്. ആരാധനാക്രമാധിഷ്ഠിതമായ ധ്യാനങ്ങളും സെമിനാറുകളും പഠനങ്ങളുമാണ് അവിടെ നടക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ.

ആരാധനക്രമാനുഷ്ഠാനങ്ങളിലെ അപചയമാണ് സഭയെ അതിന്റെ ദൈവികസ്വഭാവത്തിൽനിന്ന് അകറ്റുന്നത് എന്ന ബോദ്ധ്യത്തിൽനിന്ന് ആരാധനക്രമാധിഷ്ഠിതമായ ആദ്ധ്യാത്മികത പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഒരിടം ആവശ്യമാണെന്ന ബോദ്ധ്യത്തിൽ ഞങ്ങൾ ഏഴു വൈദികർ നീണ്ടകാലത്തെ പ്രാർത്ഥനകൾക്കും പഠനത്തിനുംശേഷം ആരംഭിച്ചതും കാഞ്ഞിരപ്പള്ളി രൂപത ഔദ്യോഗികമായി ഏറ്റെടുത്തതുമാണ് ഈ പ്രസ്ഥാനം. 2016-ൽ ആരംഭിച്ച നസ്രാണി റിസേർച്ച് സെന്ററിൽ മെത്രാന്മാരുൾപ്പെടെ ധാരാളം അല്മായരും സന്ന്യസ്തരും വൈദികരും ധ്യാനത്തിലും മറ്റു ബോധവത്ക്കരണപരിപാടികളിലും പങ്കെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഭാവിരുദ്ധമായ നിലപാടുകളുമായി ബന്ധപ്പെട്ട് നിരവധി പ്രസ്താവനകളും പ്രചരണങ്ങളും വ്യത്യസ്ഥമേഖലകളിൽനിന്ന് ഉണ്ടാകുന്നത് ഏവർക്കും അറിവുള്ളതാണല്ലോ. അവയിൽ പലതും ക്രൈസ്തവചൈതന്യം തൊട്ടുതീണ്ടിയിട്ടില്ലാത്തതുമാണ്. നിർഭാഗ്യവശാൽ ഇങ്ങനെയുള്ള പ്രസ്താവനകൾ പടച്ചുവിടുന്നതിൽ നസ്രാണി റിസേർച്ച് സെന്ററിനും അവിടെയുള്ള അച്ചന്മാർക്കും പങ്കുണ്ടെന്ന വിധത്തിൽ സഭയിലെ ചില മെത്രാപ്പോലീത്താമാരും മെത്രാന്മാരും പലരോടും പങ്കുവയ്ക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എറണാകുളത്തെ ഭൂമിവിവാദം ആരംഭിച്ചപ്പോൾ മുതൽ അവിടെയുള്ള ചില വൈദികരും അല്മായരും ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ മാർപ്പാപ്പായുടെ വാക്കുകളിൽപോലും വക്രതകാണുന്ന അവരുടെ വാക്കുകളെ തൃണവത്ക്കരിക്കുകയെന്നതാണ് അതിനുള്ള പരിഹാരമായി ഞങ്ങൾ കണ്ടത്. പക്ഷെ സഭയിലെ ചില മെത്രാപ്പോലീത്താമാരും മെത്രാന്മാരും തികച്ചും ഉത്തരവാദിത്വരഹിതമായി ഇങ്ങനെയൊരാരോപണം കാഞ്ഞിരപ്പള്ളി രൂപതയുടെ ഒരു സ്ഥാപനത്തെക്കുറിച്ച് ആവർത്തിച്ചുന്നയിക്കുമ്പോൾ അതു വളരെ ഗൌരവമായി കാണേണ്ടതാണെന്നു ഞങ്ങൾ വിചാരിക്കുന്നു. ഇങ്ങനെയൊരാരോപണം ആദ്യമറിഞ്ഞപ്പോൾ അങ്ങനെ നിരുത്തരവാദിത്വപരമായി പ്രതികരിച്ച മെത്രാപ്പോലീത്തായ്ക്കു വ്യക്തിപരമായി വിശദീകരണം കൊടുക്കാമെന്നു വിചാരിച്ചെങ്കിലും ഇത് ഒരു മെത്രാന്റെമാത്രം ചിന്തയല്ലെന്നും പലരും പലരോടും പങ്കുവച്ചുകൊണ്ടിരിക്കുന്ന ഒരു ആരോപണമാണെന്നും മനസിലാക്കിയാണ് ഇങ്ങനെയൊരു പരസ്യപ്രസ്താവന ഞങ്ങൾ നടത്തുന്നത്.

നസ്രാണി റിസേർച്ച് സെന്ററിലെ ഏഴു വൈദികരിൽ സ്ഥാപനത്തിന്റെ ഡയറക്ടറായ ജയിംസ് ചവറപ്പുഴയച്ചനും പ്രോഗ്രാം കോ-ഓർഡിനേറ്ററായ ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കലും മാത്രമാണ് സോഷ്യൽ മീഡിയായിൽ എന്തെങ്കിലും പരസ്യമായ കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്, അതും തികച്ചും വ്യക്തിപരമായി. മാത്രമല്ല ഞങ്ങൾ രണ്ടുപേരും എഴുതുന്ന കാര്യങ്ങളെക്കുറിച്ച് പൂർണബോദ്ധ്യവും ഉത്തരവാദിത്വവുമുള്ളതുകൊണ്ട് സ്വന്തം പേരെഴുതാതെ ഒരു വാക്കുപോലും ഇതുവരെ പ്രസിദ്ധീകരിക്കാത്തവരുമാണ്. അതിനാൽ സഭയിലെ ചില മെത്രാപ്പോലീത്താമാരും മെത്രാന്മാരും യാതൊരടിസ്ഥാനവുമില്ലാതെ ഞങ്ങളുടെ സ്ഥാപനത്തിന്റെ അന്തസിനു ക്ഷതമേല്ക്കത്തക്കവിധത്തിൽ ഇത്ര ഉത്തരവാദിത്വരഹിതമായി പ്രതികരിക്കുന്നതിനോടുള്ള പ്രതിഷേധവും ഖേദവും ഞങ്ങൾ അറിയിക്കുന്നു.

ഞങ്ങളുടെ സ്ഥാപനത്തിന്റെ പേരിനകത്തുള്ള ‘നസ്രാണി’ എന്ന പദമാണ് ഇങ്ങനെയൊരാരോപണം ഉന്നയിക്കാൻ മെത്രാന്മാരെ പ്രേരിപ്പിക്കുന്നതെന്നു മനസിലാക്കുന്നു. ‘നസ്രാണി’യും ‘മാർത്തോമ്മാ’യും ‘മാർഗ’വുമൊക്കെ എന്നു മുതലാണ് അശ്ലീലപദങ്ങളായതെന്നു മനസിലാകുന്നില്ല. ഈ പറയുന്ന പേരുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തല്ക്കാലം നസ്രാണി റിസേർച്ച് സെന്റർ ഉദ്ദേശിക്കുന്നില്ല എന്നുകൂടി അറിയിക്കുന്നു. മുകളിൽ പറഞ്ഞ പദങ്ങൾ സൂചിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളോടു മെത്രാന്മാർ ചേർന്നു നില്ക്കുകയും വിശ്വാസികളെ അതിലേയ്ക്കു നയിക്കുകയുംചെയ്യുകയെന്നതാണ് സഭയായി രൂപാന്തരപ്പെടാൻ സീറോ മലബാർ കൂട്ടായ്മയുടെ മുമ്പിലുള്ള മാർഗമെന്നുളള തിരിച്ചറിവിലാണ് നസ്രാണി റിസേർച്ച് സെന്റർ പ്രവർത്തിക്കുന്നത്.

അതിനാൽ ഇങ്ങനെയുള്ള ആരോപണങ്ങളും പ്രസ്താവനകളും ഉത്തരവാദിത്വപ്പെട്ടവരിൽനിന്ന് ഇനിയുമുണ്ടാകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സഭയ്ക്കു പ്രബോധനം നല്കി സത്യവിശ്വാസത്തിൽ വളർത്തുകയെന്ന മെത്രാന്മാരുടെ ദൌത്യത്തിൽ തുടർന്നും അഭംഗുരം ഞങ്ങൾ പങ്കുചേരുമെന്ന ഉറപ്പു നല്കിക്കൊണ്ട് നിറുത്തുന്നു.

Quote of the week

“‘Because the Sacred Liturgy is truly the font from which all the Church’s power flows…we must do everything we can to put the Sacred Liturgy back at the very heart of the relationship between God and man.’.

~ Robert Cardinal Sarah