ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
മാർപാപ്പാ നേരിട്ടു നിയമിച്ച അപ്പസ്തോലിക് അഡ്മിനിസ്റ്റ്രേറ്ററായ മാർ ആൻഡ്രൂസ് താഴത്ത് തന്റെ ഔദ്യോഗിക കർത്തവ്യനിർവഹണത്തിന്റെ ഭാഗമായി നടത്തിയ വൈദികസമിതിയുടെ സമ്മേളനത്തിൽനിന്ന് കൂക്കുവിളിയുടെ അകമ്പടിയോടെയും പോലീസിന്റെ സംരക്ഷണത്തിലും യാത്രയാകുന്ന ദൃശ്യം ഇതിനോടകം സഭയിലെ എല്ലാ മെത്രാന്മാരും കണ്ടുകാണുമല്ലോ.
അത്രയും ഗൌരവമായ ഈ അനിഷ്ടസംഭവത്തിൽ ഒരു വാക്കുകൊണ്ടെങ്കിലും തങ്ങളുടെ സഹമെത്രാനെ പിന്തുണയ്ക്കാനും അവിടെയുണ്ടായ അനുചിതമായ സാഹചര്യത്തെ അപലപിക്കാനും എന്തേ അഭിവന്ദ്യ മെത്രാന്മാർക്കു കഴിഞ്ഞില്ല?
തങ്ങൾക്കെതിരാണെന്നു തങ്ങൾ കരുതുന്നവരുടെ ദേഹത്തെല്ലാം ചെളിതെറിപ്പിക്കുന്ന അവിടെയുള്ള ചില പടുജന്മങ്ങളുടെ കണ്ണിൽപെടേണ്ടെന്നു കരുതിയാണോ, അതോ അതു നമ്മളെയൊ ന്നും വ്യക്തിപരമായി ബാധിക്കുന്ന പ്രശ്നമല്ല എന്നു വിചാരിച്ചാണോ…?
വിശ്വാസികളുടെ സഭാജീവിതത്തിൽ ഈ പ്രശ്നങ്ങൾ ഏത്രമാത്രം പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്നത് സഭയെ നിരീക്ഷിക്കുന്ന ആർക്കും മനസിലാകുന്ന കാര്യമാണ്.
ഒരുപക്ഷെ നിങ്ങൾ വ്യക്തിപരമായി പ്രാർത്ഥിച്ചും സംസാരിച്ചും അഭി. പിതാവിന് പിന്തുണ നല്കുന്നുണ്ടായിരിക്കാം. എന്നാൽ നാളുകളായി സീറോ മലബാർ സഭ പൊതുസമൂഹത്തിനുമുമ്പിൽ അപഹാസ്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിനു മനസിലാകുന്ന രീതിയിൽ അഭി. താഴത്തുപിതാവിനൊപ്പം നില്ക്കാനും സഭാചൈതന്യത്തിനു ഘടകവിരുദ്ധമായി അവിടെ നടന്നുകൊണ്ടിരിക്കുന്ന അനുചിതമായ സംഭവങ്ങൾക്കെതിരെ ഒരു വാക്കുകൊണ്ടെങ്കിലും പ്രതിഷേധിക്കുവാനും ഇനിയും മടിക്കുന്നത് ആത്മഹത്യാപരമായിരിക്കും.
പല കാരണങ്ങൾ പറഞ്ഞും ന്യായങ്ങൾ അവതരിപ്പിച്ചും ഇത്രയുംകാലം സഭാമേലദ്ധ്യക്ഷന്മാർ ഇക്കാര്യത്തിൽ പുലർത്തിയ നിസംഗതയാണ് അല്മായനേതാക്കന്മാരായി ചമഞ്ഞ് കള്ളംവിറ്റു മാത്രം ജീവിക്കുന്ന ചിലരുടെയും അടിസ്ഥാന ദൈവ വിശ്വാസം പോലും തങ്ങൾക്കില്ലെന്ന് പ്രവൃത്തികളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന ഏതാനും ചില വൈദികരുടെയും നിയന്ത്രണത്തിലേയ്ക്കു ഒരു വിശ്വാസസമൂഹംമുഴുവൻ ചെന്നുപെടാൻ കാരണം.
ഇനിയെങ്കിലും മാർപ്പാപ്പായുടെ പ്രത്യേകദൌത്യം ഏറ്റെടുത്ത് വ്യക്തിപരമായി കനൽച്ചൂളയിലൂടെ കടന്നുപോകുന്ന പിതാവിനൊപ്പം നിങ്ങളുമുണ്ടെന്ന് വിശ്വാസികളും പൊതുസമൂഹവും തിരിച്ചറിയട്ടെ.
കൂടെയുള്ള മെത്രാൻ പ്രതിസന്ധിയിൽകൂടി കടന്നുപോകുമ്പോൾ മറ്റു മെത്രാന്മാർ ഒപ്പമുണ്ടോയെന്ന് ഉറപ്പില്ലാത്ത വിശ്വാസികൾ, തങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ തങ്ങളുടെ മെത്രാന്മാർ തങ്ങളുടെ കൂടെയുണ്ടാകുമോയെന്നു സംശയിച്ചാൽ അവരെ കുറ്റംപറയാൻ പറ്റുമോ…?
