ഫാ. ജയിംസ് ചവറപ്പുഴ
പറയാനാണെങ്കിൽ ഒത്തിരിയുണ്ട്. എന്നാൽ ഒരു തുറന്നെഴുത്തിന് താത്പര്യമില്ല താനും.
നമ്മുടെ സഭയിലെ അടിസ്ഥാന പ്രതിസന്ധി നമ്മൾ ഉറവിടം മറക്കുന്നു എന്നത് തന്നെയാണ്. ഉറവിടത്തിലാണ് മാലിന്യമില്ലാത്തതും തെളിമയുള്ളതുമായ ജലമുള്ളത്. ഇവിടെ ഉറവിടം എന്നതുകൊണ്ടുദ്ദേശിച്ചത് ആരാധനക്രമം, വചനം, സഭാ പിതാക്കന്മാർ എന്നിവയെയാണ്.
ഓരോ സഭയുടെയും ആദ്ധ്യാത്മികത ആ സഭയുടെ ആരാധനക്രമത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ആരാധനക്രമാധിഷ്ഠിതമായ വചന ധ്യാനത്തിലേയ്ക്കും അതിന് പിതാക്കന്മാർ നൽകുന്ന വ്യാഖ്യാനത്തിലേക്കുമാണ് നാം പോകേണ്ടത്. അപ്പോഴേ ഉറവിടത്തിൽ നിന്ന് കുടിച്ച് ദാഹം ശമിപ്പിക്കുന്ന അനുഭവമുണ്ടാകൂ.
പക്ഷേ, അത് നമ്മുടെ സഭയ്ക്ക് നഷ്ടപ്പെട്ടിട്ട് നൂറ്റാണ്ടുകളായി. പുനരുദ്ധാരണമാകട്ടെ ലക്ഷ്യം മറന്ന് പായുന്ന അമ്പ് പോലെയുമായി. സീറോ മലബാർ സഭ അടുത്ത കാലത്ത് അഭിമുഖീകരിക്കുന്ന വിവാദങ്ങൾ വെറുമൊരു “ജനാഭിമുഖം” മാത്രമോ, ഭരണപരമായ പ്രശ്നം മാത്രമോ അല്ല. അത് നേതൃത്വ ശുശ്രൂഷയിലെ പ്രശ്നമാണ്.
താപസിക (ദയ്റാ )ചൈതന്യമുള്ള മേൽപ്പട്ടക്കാർ സീറോ മലബാർ സഭയിൽ വിരളമാണ് എന്നതാണ് അടിസ്ഥാന കാരണം. മാർത്തോമ്മാ നസ്രാണികളുടെ ജീവിത ശൈലി തന്നെ താപസികമാണ്.
നോമ്പും ഉപവാസവും അനുഷ്ഠിച്ച്, യാമ ശുശ്രൂഷകൾ ചൊല്ലി, പരി. കുർബാനയും കൂദാശകളും കേന്ദ്രീകൃതമായി വിശ്വാസ ജീവിതം ക്രമപ്പെടുത്തി, ലളിത ജീവിതം നയിക്കുന്നതിനെയാണ് താപസിക ചൈതന്യം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.
പരി. കുർബാന നേരാംവണ്ണം അർപ്പിച്ച്, ഏഴ് യാമ ശുശ്രൂഷകൾ ജീവശ്വാസം പോലെ ഉൾക്കൊണ്ട്, നോമ്പും ഉപവാസവും എടുത്ത് സൂനഹദോസുകൾ കൂടട്ടെ. സഭയിൽ മാറ്റങ്ങൾ ഉണ്ടാകും. അപ്പോഴാണ് സൂനഹദോസുകൾ പരിശുദ്ധമാവുക.
അല്ലാത്തതൊക്കെ കതിരിൽ വളം വയ്ക്കുന്നതിനും മുറിവുകൾ കഴുകി മരുന്നു പുരട്ടാതെ മൂടിക്കെട്ടിവയ്ക്കുന്നതിനും തുല്യമാകും. അത് പ്രശ്ന പരിഹാരങ്ങൾ ആവുകയില്ല.
താപസിക ചൈതന്യമുള്ള മെത്രാന്മാർ എങ്ങനെയുണ്ടാകും ? അത് പൊട്ടിമുളയ്ക്കുകയോ, നൂലിൽ കെട്ടി ഇറക്കപ്പെടുകയോ ചെയ്യില്ല. താപസിക ചൈതന്യമുള്ള വൈദികരിൽ നിന്നാണ് താപസിക മെത്രാന്മാരുണ്ടാവുക.
താപസിക ചൈതന്യമുള്ള വൈദികർ എങ്ങിനെയുണ്ടാകും ?
താപസിക ശൈലിയിൽ പരിശീലിപ്പിക്കപ്പെടുന്ന സെമിനാരികളിൽ നിന്നാണ് താപസിക വൈദികരുണ്ടാവുക.
നമ്മുടെ സഭാ പാരമ്പര്യത്തിൽ ഓരോ കുടുംബവും താപസിക ചൈതന്യത്തിലാണ് ജീവിച്ചിരുന്നത് എന്നത് ഇതിനോട് ചേർത്ത് വായിക്കണം.
സീറോ മലബാർ സഭാംഗങ്ങൾ *സഭ* എന്ന ചിന്തയിലേക്ക് വളരുന്നില്ല. രൂപതകളാണ് പ്രധാനം. *എന്റെ സഭ* എന്നല്ല എന്റെ രൂപത എന്നാണ് പലരും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. *എന്റെ സഭ* എന്നല്ല എന്റെ സന്യാസസമൂഹമാണ് പ്രധാനം എന്നാണ് പലരും ചിന്തിക്കുക. അത് മാറണം.
സഭയിലെ പരിശീലന കേന്ദ്രങ്ങളിലെ (സെമിനാരികളിലെ) നിയമനങ്ങൾ പലപ്പോഴും രൂപതാ വീതം വയ്ക്കലുകൾ ആകുന്നതു കൊണ്ടാണ് പരിശീലനം ശരിയാംവണ്ണം നടക്കാത്തത്. സെമിനാരികളിലെ നിയമനങ്ങൾ രൂപതാ അടിസ്ഥാനത്തിലോ, ഡോക്ടറേറ്ററുകളിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലോ ആകരുത്. മറിച്ച് സഭാ സ്നേഹത്തിന്റെ അടിസ്ഥാനത്തിലാകണം.
അതോടൊപ്പം പഴകി കീറിയ പാശ്ചാത്യ ശൈലിയിലുള്ള പരിശീലന പദ്ധതികൾ സെമിനാരികളിൽ നിന്ന് മാറണം.
ഒരു പുരോഹിതൻ അവസാന ശ്വാസം വരെ അർപ്പിക്കേണ്ട കുർബാനയിലും കൂദാശകളിലും എത്രമാത്രം ആഴമേറിയ പരിശീലനം നമ്മുടെ വൈദികാർത്ഥികൾക്ക് ലഭിക്കുന്നുണ്ട് ?
യാമ ശുശ്രൂഷകൾ രുചിച്ചറിയാനുള്ള പരിശീലനം ലഭിക്കുന്നുണ്ടോ ?
വൈദികരും മെത്രാന്മാരുമാണ് വചന പ്രഘോഷകർ. ജീവിതാവസാനം വരെ വചനം മുറിച്ചു നൽകേണ്ട വൈദികർക്ക് എത്രമാത്രം വചന ഉറവിട പരിശീലനം ലഭിക്കുന്നുണ്ട് ?
സഭാപിതാക്കന്മാരുടെ രചനകളാകണം സെമിനാരികളിലെ പ്രധാന ധ്യാന പുസ്തകങ്ങൾ. അത്തരം പരിശീലനത്തിലൂടെയെ താപസിക വൈദികരും മെത്രാന്മാരും രൂപം കൊള്ളു.
ആദ്യ നൂറ്റാണ്ട് മുതൽത്തന്നെ സഭയിൽ പ്രശ്നങ്ങൾ ( ശീശ്മകളും പാഷണ്ഡതകളും ) ഉണ്ടായിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ പരിഹരിച്ചത് താപസികരായ സന്ന്യാസ പിതാക്കന്മാർ ആയിരുന്നു. ഇന്നത്തെ പ്രശ്നങ്ങളും സഭ അതിജീവിക്കും എന്ന് ഉറപ്പുണ്ട്. അതി ജീവനത്തിന് കാലതാമസമുണ്ടായി മുറിവുകൾ വലിയ വൃണങ്ങളായി മാറുന്നു എന്നത് ഒരു പ്രശ്നം തന്നെയാണ്.
താപസിക ചൈതന്യമുള്ള വൈദികരും മെത്രാന്മാരും ഉണ്ടാകുമ്പോഴാണ് ആദിമ സഭയുടെ ചൈതന്യത്തിലേയ്ക്ക് സഭയ്ക്ക് മുന്നേറാനാകുക. അതാണ് ഉറവിടത്തിലേയ്ക്കുള്ള തിരികെ നടപ്പ്. അടുത്ത തലമുറയെയെങ്കിലും കരുതി ഉറവിടത്തിലേക്ക് തിരിച്ചു പോകാനും താപസിക ചൈതന്യത്തിൽ ജീവിക്കാനും സീറോ മലബാർ സഭ ശ്രമിയ്ക്കണം. അതിന് വന്ദ്യ പിതാക്കന്മാർ നമുക്ക് വഴി കാണിച്ച് തരട്ടെ.
