സീറോ മലബാർ സഭയുടെ ജനുവരി സിനഡിനുശേഷവും കാര്യങ്ങൾ പഴയപടിതന്നെ തുടരുകയാണ്. സിനഡിൽ കൂടിയ പിതാക്കന്മാർതന്നെ സഭയുടെ ചൈതന്യത്തിനു വിരുദ്ധമായി വിമതപ്രവർത്തനങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സന്ദർശനങ്ങളും സന്ദേശങ്ങളും നല്കി തങ്ങൾ സഭാ കൂട്ടായ്മയോട് ഒരു തരത്തിലും യോജിച്ചുപോകില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. റോമിൽനിന്നുള്ള നിർദേശങ്ങളോടുപോലും പുറംതിരിഞ്ഞുനില്ക്കുന്ന ശൈലിയിൽ പെരുമാറുന്ന ഈ മെത്രാന്മാർ ദൈവജനത്തെ വലിയ അപകടത്തിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. സഭാകൂട്ടായ്മയ്ക്കു വിരുദ്ധമായി നില്ക്കുന്നവർ മെത്രാന്മാരോ വൈദികരോ വിശ്വാസികളോ ആരുമാകട്ടെ, അവർ സഭാകൂട്ടായ്മയിൽനിന്നു പുറത്തുപോകേണ്ടിവരുമെന്നുള്ളതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠം. ചില സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഒരു സഭാസമൂഹത്തെ മുഴുവൻ ആ അപകടത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വപ്പെട്ടവർ തങ്ങളുടെ വിമതപ്രവൃത്തികളിൽനിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തം.

യഥാർത്ഥത്തിൽ സഭാകൂട്ടായ്മയുടെ വളരെ പ്രധാനപ്പെട്ട ഒരു പ്രകടനമാണ് വി.കുർബാനയിൽ മാർപ്പാപ്പയുടെയും സഭാ തലവന്റെയും രൂപതാദ്ധ്യക്ഷന്റെയും പേരെടുത്തുപറഞ്ഞ് പ്രാർത്ഥിക്കുന്നത്. എന്നാൽ നാളുകളായി സഭാതലവന്റെ പേര് വി.കുർബാനയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നവരെല്ലാം പ്രായോഗികമായി സഭാകൂട്ടായ്മയ്ക്കു പുറത്താണെന്നതാണ് സത്യം.

ഈ സാഹചര്യത്തിൽ ലളിതമല്ലെങ്കിലും അസാദ്ധ്യമല്ലാത്ത ഒരു പ്രതിവിധി നിർദേശിക്കുകയാണ്. ഏതായാലും എറണാകുളത്തുള്ള വിമത മെത്രാന്മാർക്കും വൈദികർക്കും കുറേ വിശ്വാസികൾക്കും സുറിയാനിസഭയുടെ പാരമ്പര്യങ്ങളെയും ആരാധനക്രമത്തെയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സഭാസിനഡിനോടു ചേർന്നുനിന്ന് കൂട്ടായ്മയുടെ ചൈതന്യം തങ്ങളുടെ വിശ്വാസികൾക്കു പകർന്നുകൊടുക്കാൻ  അവരുടെ മെത്രാനും വൈദികരും തയ്യാറാകുന്നുമില്ല. ഇങ്ങനെ സീറോമലബാർ സഭയിൽ മുഴുവൻ അസ്വസ്ഥതയും പൊതുസമൂഹത്തിൽ ഉതപ്പുമുളവാക്കുന്ന തരത്തിൽ സഭയിൽ തുടർന്ന് കൂടുതൽ അപചയത്തിലേക്ക് സഭയെ നയിക്കുന്നതിലും നല്ലത് അവരുടെ ബോദ്ധ്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നല്കുന്നതല്ലേ…? അതായത് മാർപ്പാപ്പ അർപ്പിക്കുന്നതുപോലെ ജനാഭിമുഖ കുർബാന അർപ്പിക്കാനും അനുഷ്ഠാനങ്ങളിൽ സുറിയാനി പാരമ്പര്യങ്ങൾക്കുപകരം ലത്തീൻ പാരമ്പര്യം തുടരാനും ആഗ്രഹിക്കുന്ന അവരെ വരാപ്പുഴ, കൊച്ചി തുടങ്ങിയ രൂപതകളിലേയ്ക്കു സ്വീകരിക്കാൻ ആ രൂപതകളും അവരെ അവിടേയ്ക്കു വിട്ടുകൊടുക്കാൻ സീറോമലബാർ സഭയും തയ്യാറായാൽ ഈയൊരു വലിയ പ്രശ്നം അവസാനിക്കില്ലേ…? പൌരസ്ത്യകാനൻനിയമമനുസരിച്ച് മാർപ്പാപ്പയ്ക്ക് അങ്ങനെയൊരു റീത്തുമാറ്റത്തിനു അനുവാദം നല്കാൻ കഴിയുമെന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെവന്നാൽ എറണാകുളത്തെ വിമതരായിട്ടുള്ളവർക്ക് തങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് നിയമവിധേയമായിത്തന്നെ വി.കുർബാനയർപ്പിക്കാനും അവരുടെ വിശ്വാസം ജീവിക്കാനും കഴിയും. അതോടൊപ്പം സീറോമലബാർ സഭയ്ക്ക് കൂടുതൽ ഐക്യത്തോടെ തങ്ങളുടെ അജപാലനശുശ്രൂഷയും പ്രേഷിതപ്രവർത്തനങ്ങളും തുടരാനും സാധിക്കും. ഇങ്ങനെയൊരു പരിഹാരത്തിനു ശ്രമിക്കുന്നില്ലെങ്കിൽ സീറോമലബാർ സഭാകൂട്ടായ്മയിൽ താമസംവിനാ അപരിഹാര്യമായ നഷ്ടം സംഭവിക്കുമെന്നത് നിശ്ചയമാണ്.

Leave a comment

Quote of the week

“‘Because the Sacred Liturgy is truly the font from which all the Church’s power flows…we must do everything we can to put the Sacred Liturgy back at the very heart of the relationship between God and man.’.

~ Robert Cardinal Sarah